തിരുവനന്തപുരം: കൃത്രിമ മാർഗങ്ങളിലൂടെ മീൻപിടിത്തം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്കെതിരേ ഫിഷറീസ് വകുപ്പ് നടപടിക്കൊരുങ്ങുന്നു. വള്ളങ്ങളിൽ കൃത്രിമമായി ട്യൂബു ലൈറ്റുകൾ സ്ഥാപിച്ചും പ്ലാസ്റ്റിക് കുപ്പികൾ, ക്ലാഞ്ഞിൽ എന്നിവ ഉപയോഗിച്ച് കൃത്രിമപാരുണ്ടാക്കിയും ഒരു വിഭാഗം പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മീൻപിടിത്തം നടത്തുന്നതായി അധികൃതർക്ക് പരാതി ലഭിച്ചിരുന്നു. കടലിന്റെ ആവാസ വ്യവസ്ഥക്ക് ദോഷം വരുന്ന രീതിയിലുള്ള മീൻപിടിത്തം തടയുന്നതിന് ഫിഷറിസ് അധികൃതർ നടപടിയാരംഭിച്ചു. പകൽ സമയങ്ങളിൽ മീൻപിടിത്തം നടത്തുന്ന പരമ്പരാഗത തൊഴിലാളികളാണ് പരാതി നൽകിയത്.
തുടർന്ന് ഫിഷറിസ് അധികൃതർ മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ കൃത്രിമ മാർഗങ്ങളുയോഗിച്ചുള്ള മീൻ പിടിത്തം വ്യാപകമാണെന്നന്ന് കണ്ടെത്തി. അഞ്ചുതെങ്ങ്, മരിയനാട് എന്നിവിടങ്ങളിലാണ് ഈ രീതി വ്യാപകമായി കണ്ടതെന്ന് ഫിഷറീസ് അധികൃതർ പറഞ്ഞു. തുടർന്ന് ഫിഷറീസ് വകുപ്പിന്റെ വിഴിഞ്ഞം അസി. ഡയറക്ടറുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം മരിയനാട് കടപ്പുറത്ത് ഉച്ചഭാഷിണിയിലൂടെ മത്സ്യത്തൊഴിലാളികൾക്ക് ബോധവത്‌കരണം നടത്തി.
നിർദേശങ്ങൾ ലംഘിക്കുന്ന മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾ കണ്ടുകെട്ടും. ഇവരുടെ മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വം, മണ്ണെണ്ണ പെർമിറ്റ് എന്നിവ റദ്ദാക്കുമെന്നും ഫിഷറീസ് അധികൃതർ അറിയിച്ചു. നിയമം ലംഘിക്കുന്ന വരെ തീരദേശ പോലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് എന്നിവരുടെ സഹായത്തോടെ പിടികൂടുമെന്നും ഫിഷറീസ് അധികൃതർ പറഞ്ഞു.