തിരുവനന്തപുരം: അപകടത്തിൽ മരിച്ച വയലിൻ മാന്ത്രികൻ ബാലഭാസ്‌കറിന് അദ്ദേഹം പഠിച്ച തൈക്കാട് മോഡൽ സ്‌കൂളിന്റെ കണ്ണീർപ്രണാമം. അധ്യാപകരും സഹപാഠികളും പങ്കെടുത്ത അനുസ്മരണം നഷ്ടമായ പ്രതിഭയുടെയും പോയകാലത്തിന്റെയും വേദനിപ്പിക്കുന്ന ഓർമപ്പെടുത്തലായി മാറി. ബാലഭാസ്‌കർ എസ്.എസ്.എൽ.സി.ക്കു പഠിച്ച 1993-94 ബാച്ചിലെ വിദ്യാർഥികളുടെ കൂട്ടായ്മയാണ് അനുസ്മരണം സംഘടിപ്പിച്ചത്.

ചെറുപ്പത്തിൽത്തന്നെ കഴിവുതെളിയിച്ച് പെട്ടെന്ന് അസ്തമിക്കുന്ന പ്രതിഭകളുടെ കൂട്ടത്തിലാണ് ബാലഭാസ്‌കറെന്ന് സൂര്യ കൃഷ്ണമൂർത്തി അനുസ്മരിച്ചു. സ്വാതിതിരുനാൾ, മാൻഡലിൻ ശ്രീനിവാസൻ, ക്ലിന്റ് തുടങ്ങി നിരവധി പേർ കഴിഞ്ഞ ജന്മത്തിൽ ചെയ്യാൻ ബാക്കിവച്ചത് ഈ ജന്മത്തിൽ ചെയ്തുമടങ്ങുന്നതുപോലെയാണ് മറഞ്ഞത്. പുരാണം, ചരിത്രം വർത്തമാനകാലം എന്നിവയിലെല്ലാം ഇത് ദൃശ്യമാണ്.

18 കൊല്ലംമുൻപ് മുഹമ്മദ് റഫിയുടെ ഒരു പാട്ടിനെ അടിസ്ഥാനമാക്കി താൻ സംവിധാനം ചെയ്ത പ്രണാമം എന്ന പരിപാടിയിലാണ് ബാലഭാസ്‌കർ ആദ്യം ഫ്യൂഷൻ അവതരിപ്പിച്ചത്. സൂര്യയിൽ വയലിനിൽ ക്ലാസിക്കൽ സോളോയും അവതരിപ്പിച്ചിരുന്നു. സൂര്യയുടെ തീംസോങ് ഞാൻ ആവശ്യപ്പെട്ടതിലും അപ്പുറത്താണ് അദ്ദേഹം തയ്യാറാക്കിയത്. വയലിൻ ഇല്ലാത്ത ബാലഭാസ്‌കർ ജീവിച്ചിരിക്കരുതെന്ന ക്രൂരചിന്ത പലരെപ്പോലെ എന്നെയും വേട്ടയാടിയിരുന്നു. തീരുമാനം ദൈവത്തിന്റേതാണെന്നും സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു.

തുടർന്ന് സംസാരിച്ച മോഡൽ സ്‌കൂൾ മുൻ ഹെഡ്മാസ്റ്റർ എബ്രഹാം ജോസഫ് തേങ്ങലോടെയാണ് ഓർമകൾ അവതരിപ്പിച്ചത്. പഠനത്തിലെന്ന പോലെ ഗുരുത്വത്തിലും ബാലഭാസ്‌കർ മുമ്പിലായിരുന്നുവെന്ന് സ്‌കൂളിൽ ബാലഭാസ്‌കറിന്റെ സംഗീതാധ്യാപകനായിരുന്ന പാർവതിപുരം പദ്മനാഭയ്യർ അനുസ്മരിച്ചു. ഗായകൻ ഇഷാൻ ദേവ്, ഹെഡ്മാസ്റ്റർ സുരേഷ്, അസോസിയേഷൻ സെക്രട്ടറി വിനോദ് ഭാസ്‌കർ എന്നിവർ പങ്കെടുത്തു.