തിരുവനന്തപുരം: ചിത്രകലയ്ക്ക് ജനകീയമുഖം സമ്മാനിക്കാൻ ശംഖുംമുഖം ആർട്ട് മ്യൂസിയത്തിന് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തിരുവനന്തപുരം കോർപ്പറേഷന്റെ ശംഖുംമുഖം ആർട്ട് മ്യൂസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രത്തിൽ തന്നെ സ്ഥാനമുള്ള, ഒട്ടേറെ സഞ്ചാരികൾ എത്തുന്ന ഇത്തരമൊരു സ്ഥലത്ത് മ്യൂസിയം ആരംഭിച്ചത് ചിത്രകലാരംഗത്തെ കലാകാരന്മാർക്ക് കൂടുതൽ സമൂഹശ്രദ്ധ ലഭിക്കുന്നതിന് വഴിതെളിക്കും. ജനങ്ങൾക്ക് ചിത്രകലയുമായി കൂടുതൽ അടുക്കാനുള്ള സൗകര്യമൊരുക്കും- പിണറായി വിജയൻ പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. വി.എസ്. ശിവകുമാർ എം.എൽ.എ, മേയർ വി.കെ. പ്രശാന്ത്, ചിത്രകാരൻ സുധീർ പട്‌വർധൻ, ശില്പി കാനായി കുഞ്ഞിരാമൻ, കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ലെനിൻ രാജേന്ദ്രൻ, ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ചിത്രകലാപ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള വേദിയാണ് ശംഖുംമുഖം ആർട്ട് ഗാലറിയിലൂടെ കോർപ്പറേഷൻ ഒരുക്കിയത്. ‘റി ബൗൺസ്’ എന്ന പേരിൽ ഒമ്പത് കലാകാരന്മാരുടെ ചിത്രങ്ങളാണ് ഉദ്ഘാടന ദിവസം പ്രദർശിപ്പിച്ചത്. രാവിലെ പത്ത് മുതൽ രാത്രി എട്ടുവരെയാണ് മ്യൂസിയം പ്രവർത്തിക്കുക. മുതിർന്നവർക്ക് 30 രൂപയും ഏഴുവയസ്സിന് മുകളിലുള്ള കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശനഫീസ്.

മൂന്ന് ഉദ്ഘാടനങ്ങൾ; ഒടുവിൽ ശംഖുംമുഖം കൊട്ടാരം മ്യൂസിയമായി

തിരുവനന്തപുരം: കോർപ്പറേഷൻവക ശംഖുംമുഖം തെക്കേക്കൊട്ടാരം എട്ടുവർഷത്തിനിടെ മൂന്ന് ഉദ്ഘാടനം കഴിഞ്ഞപ്പോഴാണ് ആർട്ട് മ്യൂസിയമായി രൂപം മാറുന്നത്. 2010 സെപ്തംബർ ഒമ്പതിന് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനാണ് നവീകരിച്ച കൊട്ടാരം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞെങ്കിലും തെക്കേക്കൊട്ടാരം അതേപോലെ പൂട്ടിയിട്ടു. ഉദ്ഘാടനത്തിന്റെ രണ്ടാമൂഴം അന്നത്തെ മേയർ കെ. ചന്ദ്രികയ്ക്കായിരുന്നു. 2015 സെപ്റ്റംബർ 29-ന് ചരിത്രമ്യൂസിയമായിട്ടാണ് കൊട്ടാരം മാറ്റാൻ ശ്രമിച്ചത്. പക്ഷേ, പദ്ധതി നടപ്പായില്ല. ഒടുവിൽ ആർട്ട് മ്യൂസിയമാക്കി ഇപ്പോഴത്തെ ഭരണസമിതി ശംഖുംമുഖം കൊട്ടാരത്തെ മാറ്റി.