കോവളം : പ്രണയിച്ചു വിവാഹിതയായി ഒരുവർഷം കഴിഞ്ഞപ്പോൾ അർച്ചന പ്രിയപ്പെട്ടവർക്കെല്ലാം കണ്ണീരോർമ മാത്രമായി. 2020 മേയിലായിരുന്നു ഇവരുടെ വിവാഹം.

തിങ്കളാഴ്ച രാത്രി അർച്ചനയും ഭർത്താവ് സുരേഷും വെങ്ങാനൂർ വെണ്ണിയൂരിൽ അർച്ചനയുടെ വീട്ടിലെത്തിയിരുന്നു. 8.30-ഓടെ ഇരുവരുംം മടങ്ങിയതായി അർച്ചനയുടെ അച്ഛൻ അശോകൻ പറയുന്നു.

രാത്രി 12.35 ഓടെ വിഴിഞ്ഞം സ്‌റ്റേഷനിൽനിന്ന് വിളിയെത്തി. മകളുടെ പേരും മറ്റു വിവരങ്ങളും ചോദിച്ചു. ബന്ധുക്കളെയും കൂട്ടി വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്താൻ അറിയിക്കുകയും ചെയ്തു.

ഞായറാഴ്ച മകളുടെ വീട്ടിലെത്തിയപ്പോൾ സുരേഷിന്റെ പക്കൽ ഒരു കുപ്പി ഡീസലുണ്ടായിരുന്നുവെന്ന് അശോകൻ പറഞ്ഞു. വാടകവീട്ടിലെ പരിസരത്തും ഉറുമ്പിനെ നശിപ്പിക്കാനാണ്‌ ഇതു സൂക്ഷിച്ചിരിക്കുന്നതെന്നായിരുന്നു സുരേഷ് പറഞ്ഞതെന്നും അശോകൻ പറഞ്ഞു. പലപ്പോഴും സുരേഷ്‌ മദ്യപിച്ച്‌ അർച്ചനയുമായി വഴക്കിട്ടിരുന്നതായും ഉപദ്രവിച്ചിരുന്നതായും അശോകൻ പറയുന്നു.

തിങ്കളാഴ്ച അർച്ചനയെ വീട്ടിലാക്കി പുറത്തുപോയ സുരേഷ് തിരികെവന്നിരുന്നില്ലെന്ന് സമീപവാസികൾ പറഞ്ഞുവെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഇയാൾ ഉച്ചക്കട-തൈവിളാകത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെന്ന് വിഴിഞ്ഞം ഇൻസ്‌പെക്ടർ ജി.രമേശ് അറിയിച്ചു.

തീനാളമായി...

വിഴിഞ്ഞം: ഉറങ്ങാന്‍ കിടന്നപ്പോഴാണ് ഉച്ചത്തിലുളള നിലിവിളി കേട്ടതെന്നും ഉണര്‍ന്നപ്പോള്‍ മുറ്റത്ത് കണ്ടത് തീനാളമാണെന്നും അയല്‍വാസി സജി പറഞ്ഞു. താന്‍ താമസിക്കുന്ന വീട്ടിലേക്ക് തീപടര്‍ന്ന ശരീരവുമായി ആരോ ഓടിവരുന്നത് കണ്ട് സ്തംഭിച്ചുപോയെന്നും സജി പറഞ്ഞു. ബക്കറ്റില്‍ വെള്ളവുമായി എത്തി തീകത്തുന്ന ആളുടെ ശരീരത്തില്‍ ഒഴിച്ചു.

ബോധരഹിതയായി സ്ത്രീ അവിടെ വീണു. തുടര്‍ന്നാണ് തന്റെ വീടിനടുത്തെ വളപ്പില്‍ വാടകയ്ക്ക് താമസിക്കുന്ന അര്‍ച്ചനയാണെന്ന് അറിഞ്ഞത് -സജി ഞെട്ടലോടെ ഓര്‍ക്കുന്നു.

അവസാനം കണ്ടത് കത്തിക്കരിഞ്ഞനിലയില്‍

വിഴിഞ്ഞം: തിങ്കളാഴ്ച രാത്രിയോടെ ഭര്‍ത്താവിനൊപ്പമെത്തിയശേഷം തിരിച്ചുപോയ മകളുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് അശോകന്‍ കാണുന്നത്. രാത്രി 7.30-ഓടെയെത്തി. അമ്മ മോളിയെയും അമ്മൂമ്മ തങ്കമണിയെയും തന്നെയും സന്തോഷിപ്പിച്ച് മടങ്ങിയതാണ് മകളെന്ന് അച്ഛന്‍ അശോകന്‍ വിതുമ്പി.

ഏകമകളായതിനാല്‍ അവളുടെ ഇഷ്ടങ്ങള്‍ക്ക് ഒന്നിനും ഇതുവരെയും എതിര്‍പ്പ് പ്രകടപ്പിച്ചിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. സുരേഷിനെ പ്രണയിച്ച് കഴിഞ്ഞ വര്‍ഷം മേയ് 22-നായിരുന്നു ജീവിതം തുടങ്ങിയത്. തുടര്‍ന്ന് കുടുംബവീട്ടില്‍ വെച്ച് മേയ് 26-ന് വിവാഹം. 18 പവന്റെ ആഭരണവും നല്‍കി.

ആറുമാസം മുമ്പ് സുരേഷിന്റെ അച്ഛന്‍ ഷണ്‍മുഖന്‍ മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ട് വന്നിരുന്നു. അതു നല്‍കാന്‍ തനിക്കായില്ലെന്ന് അശോകന്‍ പറഞ്ഞു. ഇതേച്ചൊല്ലി സുരേഷ് മകളുമായി മിക്കപ്പോഴും വഴക്കിടുമായിരുന്നു. ജനറല്‍ നഴ്സിങ് കോഴ്സ് പൂര്‍ത്തിയാക്കിശേഷം ജോലിക്കു പോകാന്‍ താത്പര്യപ്പെട്ടുവെങ്കിലും സുരേഷ് വിട്ടിരുന്നില്ല - അശോകന്‍ പറഞ്ഞു.