വിളപ്പില്‍ശാല: 65 വര്‍ഷം പിന്നിടുകയാണ് വിളപ്പല്‍ശാലയിലെ യുവജനസമാജം ഗ്രന്ഥശാല. സര്‍ക്കാര്‍ജോലിയെന്ന സ്വപ്നവുമായെത്തുന്നവരുടെ പഠനകേന്ദ്രമാണിത്. 1974-ല്‍ പത്തോളം വരുന്ന യുവാക്കളായിരുന്നു ഇവിടുത്തെ സ്ഥിരം വായനക്കാര്‍. ഇവരില്‍ ആറു പേര്‍ നാട്ടിലാദ്യമായി സര്‍ക്കാര്‍ജോലിയില്‍ പ്രവേശിച്ചു. പിന്നെ സര്‍ക്കാരുദ്യോഗസ്ഥരെ സംഭാവനചെയ്യുന്ന വിജ്ഞാനകേന്ദ്രമായി ഈ ഗ്രന്ഥശാല മാറി. ഇന്നിപ്പോള്‍ ഏതു സര്‍ക്കാര്‍വകുപ്പിലും യുവജനസമാജത്തില്‍ അംഗമായ ഒരു വിളപ്പില്‍ശാലക്കാരന്റെ മുഖമുണ്ടാകും.

1956-ലാണ് വായനശാല സ്ഥാപിച്ചത്. വാടകക്കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം. പിന്നീട് കുണ്ടാമൂഴി ദേവീവിലാസം ഗ്രന്ഥശാല യുവജനസമാജവുമായി ലയിച്ചു. കൂലിവേലചെയ്ത് ജീവിതം കഴിഞ്ഞിരുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ ഗ്രന്ഥശാല വായനയുടെ ലോകം തുറന്നു. ഇതോടെ അവരില്‍ പലരും പി.എസ്.സി. പരീക്ഷയെഴുതി വിജയികളായി.

1970-ല്‍ നാരായണവിലാസത്തില്‍ സുമുഖിയമ്മ ഭര്‍ത്താവ് രാമകൃഷ്ണപിള്ളയുടെ സ്മരണയ്ക്കായി സംഭാവനചെയ്ത ഒന്നര സെന്റ് സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി ഗ്രന്ഥശാലയ്ക്ക് സ്വന്തം കെട്ടിടമുണ്ടായി. 1995-ല്‍ അത് ഇരുനിലമന്ദിരമായി. 14000 പുസ്തകങ്ങള്‍, 128 ലൈഫ് മെമ്പര്‍മാര്‍, 1500 വാര്‍ഷിക അംഗങ്ങള്‍. യുവജനസമാജം ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരമുള്ള എ ഗ്രേഡ് ഗ്രന്ഥശാലയായി. പകല്‍സമയം പെണ്‍കുട്ടികളും രാത്രിയില്‍ യുവാക്കളും സംഘമായി ഇവിടെ പഠനം നടത്തുന്നു.

പി.എസ്.സി. പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവര്‍ക്ക് യുവജനസമാജത്തിലെ റഫറന്‍സ് ഗ്രന്ഥശേഖരം സഹായകമാകും. ലൈബ്രറിയുടെ സഹായത്താല്‍ പഠിച്ച് ജോലി നേടിയ പിന്മുറക്കാരും പഠിതാക്കളുടെ സഹായത്തിനെത്തും. 53 വര്‍ഷം മുന്‍പ് ഗ്രന്ഥശാലാംഗമായിരുന്ന സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച എള്ളുവിള വാസുദേവന്‍ നായരാണിപ്പോള്‍ ഗ്രന്ഥശാലയുടെ പ്രസിഡന്റ്.

സാങ്കേതികവിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനായ ശ്രീകുമാര്‍ വൈസ് പ്രസിഡന്റും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനായ രാകേഷ് സെക്രട്ടറിയുമാണ്. ഇവരുടെയെല്ലാം സര്‍ക്കാര്‍ജോലിക്കു പിന്നിലും യുവജനസമാജത്തിലൂടെ നേടിയ അറിവിന്റെ വെളിച്ചമുണ്ട്.