ആറ്റിങ്ങല്‍: ചിറയിന്‍കീഴ് താലൂക്കില്‍ സഹകരണവകുപ്പിനു കീഴിലും വ്യവസായവകുപ്പിനു കീഴിലും സഹകരണസംഘങ്ങള്‍ സ്ഥാപിച്ച് തട്ടിപ്പുനടത്തിയ സംഭവത്തില്‍ പരാതികള്‍ പെരുകുന്നു. സഹകരണസംഘങ്ങള്‍ക്കെതിരേ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ പരാതികളെത്തിയിട്ടുണ്ട്.

നാലുപരാതികളില്‍ കൂടി കേസ്

കെ.ടി.എഫ്.ഐ.സി.എസില്‍ ജോലി വാഗ്ദാനം നല്കി പണം തട്ടിയെന്ന് ചിറയിന്‍കീഴ് സ്റ്റേഷനില്‍ ലഭിച്ച നാല് പരാതികളില്‍ക്കൂടി പോലീസ് തിങ്കളാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാല്‍കോസില്‍ ജോലിവാഗ്ദാനം നല്കി സജിത്കുമാര്‍ 9 ലക്ഷം രൂപ തട്ടിച്ചെന്ന് കാട്ടി ചിറയിന്‍കീഴ് സ്വദേശി ആറ്റിങ്ങല്‍ സ്റ്റേഷനില്‍ തിങ്കളാഴ്ച പരാതി നല്കി. ഈ പരാതി ചിറയിന്‍കീഴ് സ്റ്റേഷനിലേക്ക് കൈമാറിയതായി ആറ്റിങ്ങല്‍ പോലീസ് അറിയിച്ചു. തൊഴില്‍ വാഗ്ദാനം ചെയ്ത് പണം തട്ടിച്ചെന്ന് കാട്ടി വെഞ്ഞാറമൂട് സ്വദേശിനിയും തിങ്കളാഴ്ച ആറ്റിങ്ങല്‍ ഡിവൈ.എസ്.പി.ക്ക് പരാതി നല്കി. ഈ പരാതി വെഞ്ഞാറമൂട് സ്റ്റേഷനിലേക്കു കൈമാറിയതായി ഡിവൈ.എസ്.പി. ഓഫീസില്‍ നിന്നും അറിയിച്ചു.

കെ.ടി.എഫ്.ഐ.സി.എസിന്റെ ജില്ലാ ഡീലര്‍ഷിപ്പ് നല്കാമെന്ന് വാഗ്ദാനം നല്കി മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശി അബ്ദുല്‍അസീസില്‍ നിന്ന് 12 ലക്ഷം രൂപ തട്ടിച്ചതായും പരാതിയുണ്ട്. അബ്ദുല്‍അസീസ് നല്കിയ പരാതിയില്‍ പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ വന്‍ തുകകള്‍ തട്ടിച്ചതായി പലയിടങ്ങളില്‍നിന്ന് പരാതി ഉയരുകയാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍പ്പേര്‍ പരാതികളുമായി പോലീസിനെ സമീപിക്കുമെന്നാണ് സൂചന.

സംഘങ്ങളുടെ പ്രസിഡന്റായ ചിറയിന്‍കീഴ് കിഴുവിലം കൊല്ലന്‍വിളാകംവീട്ടില്‍ സജിത്കുമാര്‍ (46) ഇപ്പോള്‍ റിമാന്‍ഡിലാണ്. തട്ടിപ്പിനിരയായവര്‍ ചിറയിന്‍കീഴില്‍ തടഞ്ഞുവച്ചതിനെത്തുടര്‍ന്ന് ചിറയിന്‍കീഴ് പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ശനിയാഴ്ച കരമന പോലീസാണ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

ചിറയിന്‍കീഴ് താലൂക്ക് ഓട്ടോറിക്ഷത്തൊഴിലാളി കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കാല്‍കോസ്), കേരള ട്രഡീഷണല്‍ ഫുഡ് പ്രോസസിങ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കെ.ടി.എഫ്.ഐ.സി.എസ്. ലിമിറ്റഡ്) എന്നീ സംഘങ്ങള്‍ വഴിയാണ് തട്ടിപ്പ് നടത്തിയത്. കാല്‍കോസിന്റെ ഓഫീസ് ചിറയിന്‍കീഴ് ഇരട്ടക്കലുങ്കിലും കെ.ടി.എഫ്.ഐ.സി.എസിന്റെ ഓഫീസ് ആറ്റിങ്ങല്‍ പാലസ് റോഡിലുമാണ് പ്രവര്‍ത്തിച്ചിരുന്നത്.

കസ്റ്റഡി അപേക്ഷ നല്കി

റിമാന്‍ഡില്‍ കഴിയുന്ന സജിത്കുമാറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് ചിറയിന്‍കീഴ് പോലീസ് നടപടി തുടങ്ങി. തിരുവനന്തപുരത്തെ കോടതിയില്‍ തിങ്കളാഴ്ച അപേക്ഷ സമര്‍പ്പിച്ചതായി ഇന്‍സ്‌പെക്ടര്‍ ജി.ബി.മുകേഷ് പറഞ്ഞു. കാല്‍കോസില്‍ 21 ലക്ഷം രൂപ സ്ഥിരനിക്ഷേപം നടത്തിയ ആറ്റിങ്ങല്‍ സ്വദേശി രാജിയുടെ പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനായാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങുന്നത്. രാജിക്ക് സംഘത്തില്‍നിന്ന് നല്കിയിട്ടുള്ള സ്ഥിരനിക്ഷേപ രസീത് വ്യാജമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സെക്രട്ടറിയുടെ സ്ഥാനത്ത് ഒപ്പിട്ടിരിക്കുന്നയാള്‍ സംഘത്തില്‍ ജോലിചെയ്യുന്നില്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വ്യവസായവകുപ്പ് നോട്ടീസ് പതിച്ചു

കെ.ടി.എഫ്.ഐ.സി.എസിന്റെ ആറ്റിങ്ങല്‍ ഓഫീസിനു മുന്നില്‍ തിങ്കളാഴ്ച വ്യവസായവകുപ്പധികൃതര്‍ നോട്ടീസ് പതിച്ചു. ആറ്റിങ്ങല്‍ പാലസ് റോഡില്‍ ജി.എച്ച്.എസ്.എസ്. ജങ്ഷന് സമീപത്തെ ഇരുനിലക്കെട്ടിടത്തിലെ ഒന്നാം നിലയിലാണ് സംഘത്തിന്റെ ഓഫീസ്. ഈ ഓഫീസ് പൂട്ടിയിരുന്നതിനാല്‍ മുകളിലേക്കുള്ള പടവുകള്‍ ആരംഭിക്കുന്ന സ്ഥലത്തെ ഷട്ടറിനോടു ചേര്‍ന്ന് അധികൃതര്‍ നോട്ടീസ് പതിക്കുകയായിരുന്നു.

പരിശോധനയ്ക്കായി സംഘത്തിന്റെ രേഖകള്‍ ഹാജരാക്കണമെന്നുകാട്ടി രജിസ്ട്രേഡ് തപാല്‍ അയച്ചുവെങ്കിലും സംഘം അധികൃതര്‍ കൈപ്പറ്റിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഏഴ് ദിവസത്തിനകം രേഖകള്‍ ഹാജരാക്കണമെന്നും ഇല്ലെങ്കില്‍ സംഘത്തിന് യാതൊന്നും ബോധിപ്പിക്കാനില്ലെന്ന നിഗമനത്തില്‍ തുടര്‍നടപടികളിലേക്ക് കടക്കുമെന്നുമാണ് നോട്ടീസിലുള്ളത്. സംഘത്തിന്റെ കീഴില്‍ പുരവൂരില്‍ പ്രവര്‍ത്തിക്കുന്ന മില്ലിലും നോട്ടീസ് പതിച്ചതായി അധികൃതര്‍ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കി 30-ന് മുമ്പ് ഉന്നതാധികൃതര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അന്വേഷണോദ്യോഗസ്ഥന്‍ അറിയിച്ചു.

അന്വേഷണം പൂര്‍ത്തിയാക്കി

കാല്‍കോസുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള പരാതികളില്‍ സഹകരണവകുപ്പ് അന്വേഷണം പൂര്‍ത്തിയാക്കി. ജോയിന്റ് രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ആറ്റിങ്ങല്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ജര്‍ണയില്‍സിങ് അറിയിച്ചു. തുടര്‍നടപടികള്‍ ജോയിന്റ് രജിസ്ട്രാറുടെ നിര്‍ദേശപ്രകാരമായിരിക്കുമെന്നാണ് സൂചന.