തിരുവനന്തപുരം : കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കുന്നതിലെ അശാസ്ത്രീയതയ്‌ക്കെ‌തിരേ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ കൗൺസിലർമാർ രംഗത്തെത്തി. കോവിഡ് രോഗികൾ കുറവുള്ള വാർഡുകൾപോലും കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി അടച്ചിട്ടിരിക്കുകയാണെന്ന് കൗൺസിലർമാരായ ജോൺസൺ ജോസഫ്, നാരായണമംഗലം രാജേന്ദ്രൻ, മുരളീധരൻ എന്നിവർ ചൂണ്ടിക്കാട്ടി. രോഗികളുള്ള വാർഡുകൾക്കു പകരം സമീപത്തെ വാർഡുകൾ അടച്ചിട്ടതിനെതിരേ കൗൺസിലർ കരമന അജിത്ത് അടക്കമുള്ളവർ നേരത്തെ രംഗത്തെത്തിയിരുന്നു. കണ്ടെയ്ൻമെന്റ് സോൺ നിശ്ചയിക്കുന്നത് ജില്ലാ ഭരണകൂടവും പോലീസും ആരോഗ്യവകുപ്പും ചേർന്നാണെന്നും ഇതിലെ അപാകം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മേയർ കെ.ശ്രീകുമാർ അറിയിച്ചു.

വീടുകളിൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ കോർപ്പറേഷന്റെ നേതൃത്വത്തിൽ ഓൺലൈൻ പോർട്ടൽ തയ്യാറാക്കും. ഉത്പന്നങ്ങൾ ന്യായവിലയ്ക്ക് നഗരവാസികൾക്കു ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോർട്ടൽ ആരംഭിക്കുന്നതെന്ന് മേയർ അറിയിച്ചു. ഇവ ശേഖരിക്കുന്നതും ആവശ്യക്കാർക്ക് എത്തിക്കുന്നതും ഹരിതകർമ സേനയിലെ അംഗങ്ങളാണ്.

കൗൺസിലർ ജോൺസൺ ജോസഫിന്റെ വീടിനു മുന്നിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകൾക്കു മുന്നിൽ പതിക്കുന്ന സ്റ്റിക്കർ അകാരണമായി പതിച്ചതും കൗൺസിലിൽ ചർച്ചയായി. വീടിനു മുന്നിൽ നിരീക്ഷണ സ്റ്റിക്കർ പതിക്കുകയും ക്വാറന്റീൻ ലംഘിച്ചെന്ന പേരിൽ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകാര്യം പോലീസിൽ പരാതി നൽകുകയും ചെയ്തതായി ജോൺസൺ ജോസഫ് പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർക്കെതിരേ അന്വേഷണം നടത്താൻ സെക്രട്ടറിയെ കൗൺസിൽ ചുമതലപ്പെടുത്തി.

കോവിഡ് രോഗികളെ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കാൻ മണിക്കൂറുകളോളം കാലതാമസം നേരിടുന്നതായി ബി.ജെ.പി.യിലെ എം.ആർ.ഗോപനും ആന്റിജൻ പരിശോധന കൃത്യമല്ലെന്ന് തിരുമല അനിലും പറഞ്ഞു.

പൊതുസ്ഥലത്ത് ഇറച്ചിമാലിന്യം തള്ളിയതിനു പിടികൂടിയ വാഹനം വിട്ടുനൽകാൻ സി.പി.എം. നേതാവ് ഇടപെട്ടുവെന്ന എസ്.കെ.പി. രമേശിന്റെ ആരോപണം കൗൺസിലിൽ തർക്കമുണ്ടാക്കി. വ്യക്തമായ തെളിവില്ലാതെ ആക്ഷേപം ഉന്നയിക്കരുതെന്ന താക്കീതോടെ ആരോപണം രേഖകളിൽനിന്നു നീക്കാൻ മേയർ നിർദേശിച്ചു.

വീഡിയോ കോൺഫറൻസ് വഴി

തിരുവനന്തപുരം : കോവിഡ് മാർഗനിർദേശങ്ങളുടെ പശ്ചാത്തലത്തിൽ കോർപ്പറേഷൻ കൗൺസിൽ യോഗം വീഡിയോ കോൺഫറൻസ് വഴി നടത്തി. ഇതിൽ ഏഴ് കൗൺസിലർമാർ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലിരുന്നാണ് യോഗത്തിൽ പങ്കെടുത്തത്. വിവിധ കക്ഷി നേതാക്കളടക്കം 38 കൗൺസിലർമാർ നേരിട്ട് പങ്കെടുത്തു.