തിരുവനന്തപുരം: കാഞ്ഞിരംകുളം ഗവൺമെന്റ് കെ.എൻ.എം.ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ് നടപ്പിലാക്കുന്ന ’സ്വപ്നഭവനം പദ്ധതി’യുടെ ആദ്യവീടിന്റെ തറക്കല്ലിടൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.എ.ഷാജഹാൻ നിർവഹിച്ചു.

എൻ.എസ്.എസ്‌. യൂണിറ്റ് നടത്തിവരുന്ന ’കുരുന്നുവായനയ്‌ക്കൊരു കൈത്താങ്ങ്’ പദ്ധതിയുടെ തുടർച്ചയായി കോളേജിലെ അധ്യാപകരും ജീവനക്കാരും വിദ്യാർത്ഥികളും ചേർന്ന് അർഹതപ്പെട്ട ഒരുവിദ്യാർത്ഥിയെ തിരഞ്ഞെടുത്ത് വീടുവെച്ച് നൽകുന്നതാണ് പദ്ധതി.

പഠനത്തിൽ മികവു പുലർത്തുന്ന ഭവനരഹിതരായ കുട്ടികൾക്കായി നടപ്പിലാക്കുന്ന പ്രസ്തുത പരിപാടിയുടെ ആദ്യഗുണഭോക്താവായത് കോളേജിലെ ബി.കോം രണ്ടാംവർഷ വിദ്യാർത്ഥിയായ മനീഷയാണ്.

കാരോട് പഞ്ചായത്ത് 13-ാം വാർഡിൽ നിർമ്മിക്കുന്ന വീട് മേയ് മാസം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പൊതുസമ്മേളനം കാരോട് പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ഉദയൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ സുനി, അജീഷ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. ജയകുമാർ, മലയാളവിഭാഗം അധ്യക്ഷൻ ഡോ. സാബു കോട്ടുക്കൽ എന്നിവർ സംസാരിച്ചു.