thiruvananthapuram
വ്ളാത്താങ്കര സ്വർഗാരോപിതമാതാ ദേവാലയം

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ പ്രസിദ്ധ തീർഥാടനകേന്ദ്രമായ വ്ളാത്താങ്കര സ്വർഗാരോപിതമാതാ ദേവാലയം വിനോദസഞ്ചാരവകുപ്പിന്റെ തീർഥാടന ടൂറിസം പദ്ധതിയിൽ. പദ്ധതിയുടെ ഭാഗമായി 91 ലക്ഷം രൂപയുടെ വികസന പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചു.

പദ്ധതിയിൽ ഉൾപ്പെടുത്തി ദേവാലയത്തിൽ മൾട്ടിപർപ്പസ് ഹാൾ, എ.ടി.എം. കൗണ്ടർ, ഷോപ്പുകൾ എന്നിവ ഉൾപ്പെടുന്ന അമിനിറ്റി സെന്റർ നിർമിക്കും. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിനായിരിക്കും നിർമാണച്ചുമതല.

പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങളുടെ മേൽനോട്ടം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനായിരിക്കും. ഒരു വർഷംകൊണ്ട് പണി പൂർത്തീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

സർക്കാർ പദ്ധതിയിലൂടെ നെയ്യാറ്റിൻകര രൂപതയിലെ തന്നെ പുരാതന ദേവാലത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് വികാരി മോൺ. വി.പി.ജോസ് പറഞ്ഞു.