നെയ്യാറ്റിൻകര: തെക്കിന്റെ കൊച്ചുപാദുവയെന്നറിയപ്പെടുന്ന തീർഥാടന കേന്ദ്രമായ കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിൽ തീർഥാടനത്തിനു മുന്നോടിയായി 5001 ദീപങ്ങൾ തെളിച്ച് ദീപാർച്ചന നടത്തി.

തീർഥാടന തിരുനാളിന് 11-ന് കൊടിയേറും. ദേവാലയ വളപ്പിൽ ദിവ്യബലിയെ തുടർന്നാണ് ദീപാർച്ചന സംഘടിപ്പിച്ചത്. കമുകിൻകോട് കൊച്ചുപള്ളിയിലെ വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ച വാഴ്ത്തപെട്ട ദേവസഹായം പിള്ളയുടെ പ്രേക്ഷിത പ്രവർത്തനങ്ങളുടെ 275-ാം വാർഷികം ആഘോഷിക്കുന്നതിനാൽ 275 നിലവിളക്കുകളിലും ചിരാതുകളിലുമാണ് തെളിയിച്ചത്.

11-നാണ് തീർഥാടനത്തിനു തുടക്കമാവുന്നത്. തീർഥാടനത്തിന്റെ ഭാഗമായി തിരുനാൾ സൗഹൃദസന്ധ്യ, പ്രണാമസന്ധ്യ, സമാപനസമ്മേളനം എന്നിവയും നടക്കും. നെയ്യാറ്റിൻകര ബിഷപ്പ് വിൻസെന്റ് സാമുവൽ, മുൻ കൊല്ലം ബിഷപ്പ് സ്റ്റാൻലി റോമൻ, മാർത്താണ്ഡം രൂപത ബിഷപ്പ് വിൻസെന്റ് മാർ പൗലോസ് തുടങ്ങിയവർ തിരുകർമങ്ങളിൽ പങ്കെടുക്കും.

മന്ത്രിമാരായ കെ.ടി.ജലീൽ, ഇ.പി.ജയരാജൻ, കടകംപളളി സുരേന്ദ്രൻ, എം.എം.മണി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എം.പി.മാരായ ശശി തരൂർ, ഷാനിമോൾ ഉസ്മാൻ, എ.എൽ.എ.മാരായ സി.കെ.ഹരീന്ദ്രൻ, എം.വിൻസെന്റ്, വി.എസ്.ശിവകുമാർ, ഒ.രാജഗോപാൽ, വി.കെ.പ്രശാന്ത്, ഐ.ബി.സതീഷ്, കെ.ആൻസലൻ, പി.സി.കുഞ്ഞിരാമൻ തുടങ്ങിയവർ വിവിധ ദിവസങ്ങളിലെ സമ്മേളനങ്ങളിൽ പങ്കെടുക്കുമെന്ന് ഇടവക വികാരി ഫാ. ജോയി മത്യാസ് അറിയിച്ചു.