തിരുവനന്തപുരം: അന്ധകാരത്തിൽനിന്നു പ്രകാശത്തിലേക്കുള്ള, തിന്മയിൽനിന്നു നന്മയിലേക്കുള്ള പ്രത്യാശയുടെ ആഘോഷത്തിനു രാവുണർന്നു. വെളിച്ചത്തെ ഉപാസിക്കുന്ന ആഘോഷമായ ദീപാവലി ഞായറാഴ്ച. വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഐശ്വര്യദേവതയായ ലക്ഷ്മിയെ കുടിയിരുത്താനുള്ള ഒരുക്കങ്ങൾ തുടങ്ങി.
തുലാംമാസത്തെ അമാവാസിനാളിലാണു ദീപാവലി ആഘോഷിക്കുന്നത്. 14 വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ആനന്ദമെന്നാണ് ദീപാവലിക്കു പിന്നിലെ ഒരു വിശ്വാസം. നരകാസുരനെ ശ്രീകൃഷ്ണൻ വധിച്ചതിന്റെ ആഘോഷമെന്നും, ശക്തിചൈതന്യത്തിന്റെ ആരാധനയായും ദീപാവലിയുടെ വിശ്വാസത്തിന് പാഠഭേദങ്ങളുണ്ട്.
പടക്കത്തിന്റെയും മധുരത്തിന്റെയും ഓർമകളാണ് ദീപാവലി പങ്കുവയ്ക്കുന്നത്. വിവിധ നിറത്തിലുള്ള കമ്പിത്തിരികൾ മുതൽ ഉച്ചത്തിൽ പൊട്ടുന്ന പടക്കങ്ങളും ആകാശത്ത് അഴകുവിരിക്കുന്ന അമിട്ടുകളും ആഘോഷത്തിനു പൊലിമ കൂട്ടും. വീടുകളിൽ തയ്യാറാക്കുന്ന മധുരപലഹാരങ്ങൾക്കു പുറമെ കടകളിൽ വിവിധതരം ദീപാവലി മധുരപായ്ക്കറ്റുകൾ വിൽപ്പനയ്ക്കുമുണ്ടാകും. ലഡു, ജിലേബി, മൈസൂർപാക്ക്, രസഗുള തുടങ്ങി രുചിയുടെ വൈവിധ്യമേറെയാണ്.
ദീപാവലിയുടെ തലേന്ന് സന്ധ്യക്കുതന്നെ എല്ലായിടത്തും പടക്കവും പൂത്തിരികളും കത്തിക്കും. ഞായറാഴ്ച രാത്രിവരെ ആഘോഷം നീളും. ദീപങ്ങളുടെ കൂട്ടമെന്ന അർഥത്തിനു ചേരുന്ന വിധം വീടുകളിലും ആരാധനാലയങ്ങളിലും വിളക്കുകൾ കത്തിക്കുന്നതും ദീപാവലിയുടെ ചടങ്ങാണ്. തമിഴ് ബ്രാഹ്മണർ വീടിനുമുന്നിൽ അരിപ്പൊടി കോലങ്ങളെഴുതി ഐശ്വര്യത്തെ വരവേൽക്കും. ദീപാവലി ദിവസം രാവിലെ ശരീരത്തിൽ എണ്ണ തേച്ച് വിസ്തരിച്ചുള്ള കുളിയും ആചാരപ്പഴമയിൽ അനുവർത്തിക്കാറുണ്ട്. രാവിലെയും ഉച്ചയ്ക്കുമുള്ള ആഹാരത്തിനു പ്രത്യേക വിഭവങ്ങളും തയ്യാറാക്കാറുണ്ട്.
ദീപാവലിക്ക് ആറാംനാളാണ് സുബ്രഹ്മണ്യക്ഷേത്രങ്ങളിലെ സ്കന്ദഷഷ്ഠി. ദീപാവലി കുളിച്ച് ഭക്തരും ക്ഷേത്രത്തിലെ പൂജാരിമാരും ഷഷ്ഠിവ്രതം നോൽക്കും. ശൂരസംഹാരം നടക്കുന്ന ക്ഷേത്രങ്ങളിൽ ദേവനു കാപ്പുകെട്ടുന്നതും ദീപാവലി നാളിലാണ്. ഷഷ്ഠിക്ക് ശൂരസംഹാരം കഴിഞ്ഞ് കാപ്പഴിക്കും.