തിരുവനന്തപുരം: നടന്നും ബൈക്കിലും കാറിലുമൊക്കെയായി സ്ഥാനാർഥി ഓടിയെത്തുകയാണ്. എല്ലാവരെയും കാണാൻ.... എല്ലാവരുടെയും വോട്ട് ഉറപ്പാക്കാൻ. വട്ടിയൂർക്കാവിലെ എൽ.ഡി.എഫ്. സ്ഥാനാർഥി മേയറായതിനാൽത്തന്നെ നഗരത്തിലെ ആളുകൾക്ക് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. അതുകൊണ്ടുതന്നെ പ്രചാരണത്തിനിറങ്ങിയപ്പോൾ നാട്ടുകാരോട് കുശലംചോദിച്ച് വീടുകളിലെത്തി പരിചയം പുതുക്കിയാണ് വോട്ടുതേടൽ.

തിരഞ്ഞെടുപ്പിന്റെ ചൂടിനെ തോൽപ്പിക്കുന്ന വെയിലിനെ പരാജയപ്പെടുത്തുന്ന പാർട്ടിപ്രവർത്തകരുടെ ആവേശം സ്ഥാനാർഥിക്ക് കരുത്ത് പകരുന്നുണ്ട്. രാവിലെ മുതൽ തന്നെ കാറിൽ ജങ്ഷനുകളിൽനിന്ന് ജങ്ഷനുകളിലേക്ക്‌ ഓടിയെത്തി ഓരോരുത്തരേയും നേരിൽക്കാണാനുള്ള തിരക്കിലായിരുന്നു ശനിയാഴ്ച വി.കെ.പ്രശാന്ത്.

രാവിലെ പാങ്ങോട് മീൻമാർക്കറ്റിനുമുന്നിൽ നിന്നാണ് വി.കെ.പ്രശാന്തിന്റെ പ്രചാരണം ആരംഭിച്ചത്. ശാസ്തമംഗലം മേഖലയിലെ വനിതകളുൾപ്പെടെയുള്ള പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. ശാസ്തമംഗലം ഭാഗത്തേക്കുള്ള വീടുകൾ കയറിയിറങ്ങി വോട്ടുചോദിക്കുമ്പോൾ നാട്ടുകാർ സ്ഥാനാർഥിയെ കാണാൻ വീടുകളിൽനിന്നിറങ്ങിവരുന്നുണ്ടായിരുന്നു. വിരമിച്ച ഉദ്യോഗസ്ഥരായ പ്രസന്നകുമാറും ലളിതാംബികയും വീട്ടിലേക്കു ക്ഷണിച്ചു. തിരക്കിനിടയിലും അവരോട് കുറച്ചുനേരം ചെലവഴിച്ചശേഷമാണ് അടുത്തവീട്ടിലേക്കു പോയത്. കൊച്ചാർ റോഡിലെ ഡോ. നസീർഖാന്റെ വീട്ടിലെത്തി രോഗികളോടുൾപ്പെടെ വോട്ടുചോദിച്ചു. പലയിടത്തും രാവിലെ വീട്ടുകാർ മേയറെക്കണ്ട് അമ്പരന്നെങ്കിലും പിന്നീട് വോട്ട് ഉറപ്പെന്ന വാക്ക് നൽകിയാണ് മടക്കുന്നത്.

സെൽഫി ടൈം...യാത്രയിലും വോട്ടുതന്നെ പ്രധാനം

അതുവഴി നേരെ ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശുപത്രിക്ക് മുന്നിലെത്തി. വഴിയാത്രക്കാരോട് വോട്ടുചോദിച്ച് കുശലം പറഞ്ഞപ്പോൾ സെൽഫിയെടുക്കാൻ എത്തിയവരോടൊപ്പം ഫോട്ടോയ്ക്കും സമയം കണ്ടെത്തുന്നു. ആശുപത്രിക്കുമുന്നിലെ ഓട്ടോ ഡ്രൈവർമാരും പാർട്ടിപ്രവർത്തകരുമായ ബാബുവും ലാലും വണ്ടി ഒതുക്കിയിട്ട് സ്ഥാനാർഥിക്കൊപ്പം കൂടി. ശാസ്തമംഗലം ആശുപത്രിയിലെത്തി രോഗികളോടും കൂട്ടിരിപ്പുകാരോടും സംസാരിച്ചശേഷം ആശ്രമം ശാസ്തമംഗലം ശാഖാ പ്രസിഡന്റ് സ്വാമി മോക്ഷവ്രതാനന്ദയുമായി കൂടിക്കാഴ്ച നടത്തി. ശാസ്തമംഗലം കൗൺസിലർ ബിന്ദു ശ്രീകുമാർ, നേതാക്കളായ ശശിധരൻ, അജിത്കുമാർ, കിരൺദേവ് എന്നിവരും ഇവിടെ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.

നാട്ടുകാരുടെ പ്രതികരണത്തിൽ തൃപ്തനാണെന്നും ഇത്തവണ മത്സരം എൽ.ഡി.എഫിന് അനുകൂലമാകുമെന്നും ജനങ്ങളുടെ സ്നേഹം നേരിട്ടെത്തി അനുഭവിക്കാനുള്ള അവസരമാണ് ഇത്തരത്തിലുള്ള പ്രചാരണമെന്നുമാണ് വി.കെ.പ്രശാന്തിന്റെ പ്രതികരണം.

കാറിൽ പേരൂർക്കട അമ്പലംമുക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നിൽ കാത്തുനിൽക്കുന്ന പ്രവർത്തകരുടെ അടുത്തേക്ക്‌. വഴിയിൽ കാണുന്നവരോട് കാറിലിരുന്ന് കൂപ്പുകൈയോടെ വോട്ടഭ്യർഥന. അമ്പലംമുക്ക് ക്ഷേത്രത്തിനു ചുറ്റുമുള്ള വീടുകളിലെത്തി പ്രചാരണം. ചില വീടുകളിലുള്ളവർക്ക് വട്ടിയൂർക്കാവിലല്ല വോട്ട്. പക്ഷേ, അവരുടെ സുഹൃത്തുക്കളുടെ വോട്ട് തനിക്കു ഉറപ്പിക്കാനുള്ള സഹായം ചോദിച്ചാണ് മടക്കം.

കോർപ്പറേഷൻ ജീവനക്കാരിയായിരുന്ന ശോഭനകുമാരിയുടെ വീട്ടിലെത്തി കുറച്ചുസമയം ചെലവഴിച്ചാണ് മടങ്ങിയത്.

ആഘോഷങ്ങളിൽ പങ്കാളിത്തം

ക്ഷേത്രത്തിനു മുന്നിൽ അമ്പലംമുക്ക് റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ നടക്കുന്നിടത്തേക്കെത്തിയ സ്ഥാനാർഥിയെ ഭാരവാഹികളായ മാധവൻ നായർ, മുരളീധരൻ നായർ, ഗംഗാധരൻ നായർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയവരോട് വോട്ടഭ്യർഥനയ്ക്കുശേഷം പുറത്തിറങ്ങിയപ്പോൾ ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് സ്ഥലത്തെത്തി.

അവിടെനിന്ന് പട്ടം ടി.പി.ജെ. നഗറിലേക്ക്‌. ഫാ.തോമസ് കോർ എപ്പിസ്കോപ്പയുടെ വീട്ടിൽ സ്വീകരണം. റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ ഷറഫുദ്ദിനും പട്ടം ശശിധരനുമൊക്കെ സ്ഥാനാർഥിയെ സ്വീകരിച്ചു. അവിടെനിന്ന് യുവജനനേതാവായ വിനീതിന്റെ ബൈക്കിലായി യാത്ര. നേരെ പട്ടം വൃന്ദാവൻ ഗാർഡൻസിൽ. പിന്നീട് പട്ടത്തെ മേഖലാ കമ്മിറ്റി ഓഫീസിലെത്തി. തോർത്തുകൾ, ഷാളുകൾ, ചെങ്കൊടിയൊക്കെ നൽകി ഓരോ കേന്ദ്രങ്ങളിലും പ്രവർത്തകർ സ്ഥാനാർഥിയെ ആവേശപൂർവമാണ് വരവേറ്റത്. ഉച്ചയൂണ് പാർട്ടി പ്രവർത്തകനായ ചന്ദ്രന്റെ വീട്ടിൽ.

അതുകഴിഞ്ഞ് നേരെ ടെലിവിഷൻ ചർച്ചയിൽ പങ്കെടുത്തു. പിന്നീട് കുറവൻകോണം, മുട്ടട, മരപ്പാലം, കേശവദാസപുരം, സാൽവേഷൻ ആർമി ആസ്ഥാനം എന്നിവിടങ്ങളിലുമെത്തി വോട്ടുചോദിച്ചു. വൈകീട്ട് പലയിടത്തും നടന്ന ബൂത്തുയോഗങ്ങളിലും പങ്കെടുത്ത്‌ രാത്രി വൈകിയാണ് പ്രചാരണം സമാപിച്ചത്.