വിതുര: ഗ്രാമപ്പഞ്ചായത്തിലെ ആനപ്പാറ വാർഡിലെ ആറ്റുമൺപുറം ഊരിലേക്കുള്ള പുതിയ പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ജില്ലാപ്പഞ്ചായത്തു പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തു പ്രസിഡൻറ് എസ്.എൽ.കൃഷ്ണകുമാരി അധ്യക്ഷയായി. ജില്ലാപ്പഞ്ചായത്തംഗങ്ങളായ വി.ബിജുമോഹൻ, എസ്.കെ.പ്രീജ, ബ്ലോക്കു പഞ്ചായത്തു പ്രസിഡൻറ് എസ്.എസ്.അജിതകുമാരി, അംഗങ്ങളായ ജെ.വേലപ്പൻ,എൽ.വി.വിപിൻ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഷാഹുൽനാഥ് അലിഖാൻ,കെ.രാധ,ബി.അനിൽ കുമാർ,എം.ലാലി,എം.ശോഭന,മഞ്ജുഷആനന്ദ്, മുൻ പഞ്ചായത്തു പ്രസിഡൻറ് ജി.അപ്പുക്കുട്ടൻകാണി, കക്ഷിനേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. വാമനപുരം ആറിനു കുറുകെയുള്ള പാലം ജില്ലാപ്പഞ്ചായത്താണ് നിർമിക്കുന്നത്.
മാതൃഭൂമി വാർത്തകൾ തുണയായി ജില്ലാപ്പഞ്ചായത്ത് ഇടപെട്ടു
വിതുര: മലയോരത്തെ ആദിവാസി ഊരുകളിലെ യാത്രാക്ലേശത്തെക്കുറിച്ച് മാതൃഭൂമി നൽകിയ വാർത്തകൾ പാലം യാഥാർഥ്യമാകുന്നതിനു തുണയായി. വിവിധ ഊരുകളിലുള്ള വിദ്യാർഥികൾ, രോഗികൾ, വൃദ്ധജനങ്ങൾ ഉൾപ്പടെയുള്ളവർ ആദ്യം മുറിച്ച് കടക്കാൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. മഴക്കാലത്ത് ഈ മേഖല ഒറ്റപ്പെട്ടു പോകുകയായിരുന്നു പതിവ്. ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിന്റെ ശ്രദ്ധയിൽ വിഷയം എത്തിയതോടെ 2018-19 വാർഷിക പദ്ധതിയിൽ പാലം നിർമിക്കാൻ തുക വകയിരുത്തുകയായിരുന്നു. കാൽ നൂറ്റാണ്ടു നീണ്ട കാത്തിരിപ്പിനു വിരാമമിട്ടാണ് ജില്ലാപ്പഞ്ചായത്ത് 94- ലക്ഷം ചെലവിട്ട് വാമനപുരംആറിനു കുറുകെ പാലം നിർമിക്കുന്നത്. വനം, ജലസേചനവകുപ്പുകളുടെ സാങ്കേതിക അനുമതി ലഭിക്കാനും വി.കെ.മധു ഇടപെട്ടു. സമയബന്ധിതമായി നിർമാണം പൂർത്തീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.