തിരുവനന്തപുരം: ശബ്ദമലിനീകരണം നിയന്ത്രിക്കാൻ നഗരങ്ങളിൽ ശബ്ദനിയന്ത്രണ കൗൺസിലുകൾ രൂപവത്കരിക്കണമെന്ന നിർദേശവുമായി പ്രഥമ ഗ്ലോബൽ പാർലമെന്റ് സമാപിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും നാഷണൽ ഇനിഷ്യേറ്റീവ് ഫോർ സേഫ് സൗണ്ടും സംയുക്തമായാണ് ഗ്ലോബൽ പാർലമെന്റ് സംഘടിപ്പിച്ചത്.

രണ്ടു ദിവസങ്ങളിലായി നടന്ന പാർലമെന്റിൽ ശബ്ദമലിനീകരണം ചെറക്കുന്നതിനുള്ള കരട് രൂപരേഖ തയ്യാറാക്കി. ഒരുലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങൾ ശബ്ദമലിനീകരണ മാപ്പിങ് തയ്യാറാക്കണം, ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ 2000-ലെ മലിനീകരണ നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണം, ശബ്ദരഹിതമായ സംസ്‌കാരം വളർത്തിയെടുക്കാനും അവബോധം നൽകാനും സർക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടാകണം തുടങ്ങിയ നിർദേശങ്ങളും ചർച്ച ചെയ്തു. പ്രമുഖ ഇ.എൻ.ടി.സർജൻ ഡോ.മോഹൻ കാമേശ്വരന്റെ നേതൃത്വത്തിൽ ഈ നിർദേശങ്ങൾ ക്രോഡീകരിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാരിന് റിപ്പോർട്ട് നൽകും.

ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ, സാമൂഹികനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ, ഇസ്രായേലിലെ ഹൈഫ സർവകലാശാലയിലെ പ്രൊഫ.ജോസഫ് അറ്റിയാസ്, ലോകാരോഗ്യ സംഘടനയിലെ പ്രൊഫ.ഡെയ്റ്റർ ശ്വേല, ഐ.എം.എ. ദേശീയ ജനറൽ സെക്രട്ടറി ഡോ.ആർ.വി. അശോകൻ, സംസ്ഥാന പ്രസിഡന്റ് ഡോ.എം.ഇ.സുഗതൻ, സെക്രട്ടറി ഡോ.എൻ.സുൽഫി, മുൻ പ്രസിഡന്റ് ഡോ.രവി വാങ്കഡേക്കർ തുടങ്ങിയവർ സംസാരിച്ചു.