തിരുവനന്തപുരം: പേട്ട ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്‌ ലാപ്‌ടോപ്പുകൾ കവർന്നു. ഹയർ സെക്കൻഡറി പ്രിൻസിപ്പലിന്റെ ഓഫീസിലും കംപ്യൂട്ടർ ലാബിലുമുണ്ടായിരുന്ന ഏഴ് ലാപ്ടോപ്പുകളും മേശയിലുണ്ടായിരുന്ന 690 രൂപയുമാണ് മോഷ്ടിച്ചത്. ഹൈസ്കൂൾ വിഭാഗം അധ്യാപകരുടെ സ്റ്റാഫ് റൂമിലെ ജലശുദ്ധീകരണിയും നശിപ്പിച്ചു. രണ്ടുമാസം മുൻപും സ്കൂളിൽ മോഷണശ്രമം നടന്നിരുന്നു.

ഓഫീസിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. ഇവിടെയുണ്ടായിരുന്ന മൂന്ന് ലാപ്‌ടോപ്പുകളും നഷ്ടമായി. വിദ്യാർഥികളിൽനിന്നു പിരിച്ച ടെക്‌സ്റ്റ്‌ ബുക്കിന്റെ പണമാണ് മേശയിൽ സൂക്ഷിച്ചിരുന്നത്. ഓഫീസിൽനിന്നു താക്കോലുകൾ എടുത്താണ് തൊട്ടടുത്ത കംപ്യൂട്ടർ ലാബ് തുറന്നത്. മുറിയിലെ ഫയലുകൾ വാരിവലിച്ചിട്ട നിലയിലാണ്. ഇവിടെ കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളുമുണ്ടായിരുന്നു. ഇതിൽനിന്ന്‌ നാല് ലാപ്‌ടോപ്പുകളാണ് കൊണ്ടുപോയത്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

രണ്ടുമാസം മുൻപും സ്കൂളിൽ മോഷണത്തിനുള്ള ശ്രമം നടന്നെങ്കിലും അരിയും മറ്റ്‌ ചില സാധനങ്ങളും കേടാക്കിയതല്ലാതെ ഒന്നും നഷ്ടമായിരുന്നില്ല. ഈ കേസിലെ പ്രതിയായ ജയരാജിനെ ഒരുമാസം മുൻപ്‌ പേട്ട പോലീസ് പിടികൂടിയിരുന്നു. ഇയാൾ ഇപ്പോൾ ജയിലിലാണ്. മോഷണം ആവർത്തിച്ചതിന്റെ പശ്ചാത്തലത്തിൽ രാത്രി പോലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാരും രക്ഷാകർത്താക്കളും ആവശ്യപ്പെട്ടു.