തിരുവനന്തപുരം: മലയാളം പള്ളിക്കൂടത്തിന് ആറാം ചുവടുവയ്പ്. പ്രവേശനോത്സവം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പാരമ്പര്യത്തനിമയോടെയാണ് പ്രവേശനോത്സവം നടന്നത്.

തൈക്കാട് മോഡൽ സ്‌കൂളിൽ നടക്കുന്ന പള്ളിക്കൂടത്തിൽ 100ലേറെ നവാഗതർ ഇക്കുറിയുണ്ട്. കുട്ടികളെ തേനുംവയമ്പും ഓലക്കളിപ്പാട്ടങ്ങളും നൽകിയാണ് പള്ളിക്കൂടത്തിലേക്ക് വരവേറ്റത്. പിന്നീടവർ ചിരട്ടയിൽ മണ്ണപ്പം ഉണ്ടാക്കി.

അടൂരും കുട്ടികൾക്കൊപ്പം ചേർന്ന് മണ്ണപ്പം ഉണ്ടാക്കുകയും ബാല്യകാല അനുഭവങ്ങൾ പങ്കിടുകയും ചെയ്തു. അധ്യാപകൻ വട്ടപ്പറമ്പിൽ പീതാംബരന്റെ നേതൃത്വത്തിൽ കുട്ടികൾ മണലിൽ അക്ഷരങ്ങളെഴുതി.

ഗുരുവിന് ദക്ഷിണ നൽകി മലയാള പഠനം തുടങ്ങി. ഇക്കുറി മുതിർന്ന കുട്ടികൾക്കായി തട്ടകം എന്ന പഠനവിഭാഗം കൂടി ആരംഭിക്കുന്നതായി പള്ളിക്കൂടത്തിന്റെ കാര്യദർശി ജെസ്സി നാരായണൻ അറിയിച്ചു.

സംവാദം, പ്രസംഗം,നാടകാഭിനയം, കാവ്യാലാപനം, സാംസ്‌കാരിക പഠനയാത്ര എന്നിവ പാഠ്യപദ്ധതിയിലുണ്ട്.

ഞായറാഴ്ച ഉച്ചയ്ക്ക് നെല്ലിയോട് വിഷ്ണുനമ്പൂതിരിയുടെ രുക്മിണീസ്വയംവരം ഓട്ടൻതുള്ളലുമുണ്ടായിരുന്നു. കുട്ടികളിൽ അധികവും ആദ്യമായാണ് ഓട്ടൻതുള്ളൽ കാണുന്നത്. ഡോ. അച്യുത് ശങ്കർ, ആർട്ടിസ്റ്റ് ഭട്ടതിരി, സാംസ്‌കാരിക വകുപ്പ് അഡീഷണൽ സെക്രട്ടറി കെ.ഗീത, കനറാബാങ്ക് ജനറൽ മാനേജർ ജി.കെ.മായ തുടങ്ങിയവർ അക്ഷരദീപം തെളിച്ചു.