തിരുവനന്തപുരം: അമ്പലമുറ്റത്തെ വിശ്വാസികളെപ്പോലും പുരോഗമനവാദികളാക്കിയ മഹത്തായ കലയാണ് കഥാപ്രസംഗമെന്ന് മന്ത്രി എ.കെ.ബാലൻ. വിശ്വാസം വാണിജ്യവത്‌കരിക്കപ്പെട്ട കാലമാണിതെന്നും മന്ത്രി പറഞ്ഞു. പുരോഗമന കഥാപ്രസംഗ കലാസംഘടനയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വംകെടുത്ത കലയാണിത്. ഒരുകാലത്ത് നിരക്ഷരരായ മലയാളികൾക്ക് സാഹിത്യവിദ്യാഭ്യാസം നൽകിയത് കഥാപ്രസംഗമായിരുന്നു. അമ്പലമുറ്റങ്ങളിലെത്തി ഭക്തരിലടക്കം നല്ല ആശയങ്ങളെത്തിക്കാമെന്ന് കഥാപ്രസംഗം തെളിയിച്ചു. റവന്യൂ റിക്കവറി നോട്ടീസ് ചാത്തന് സമർപ്പിക്കുന്ന തരത്തിൽ കേരളത്തെ പിന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കരുത്. ഇവയെ പ്രതിരോധിക്കാൻ പുതിയ പരീക്ഷണങ്ങൾ നടത്തി ജനകീയ കലയായി കഥാപ്രസംഗം വീണ്ടും മാറണം. കാഥികൻ സാംബശിവന്റെ പേരിലുള്ള സ്മാരകം ഉടൻ യാഥാർത്ഥ്യമാകുമെന്നും അതിനുള്ള പണം അനുവദിച്ചതായും മന്ത്രി പറഞ്ഞു.

സംഘടന ഏർപ്പെടുത്തിയ വി.സാംബശിവൻ സ്മാരക പുരസ്കാരം തേവർതോട്ടം സുകുമാരന് സമ്മാനിച്ചു. സമ്മേളനത്തിൽ മുതിർന്ന കാഥികരെ ആദരിച്ചു.

സംഘടനാ പ്രസിഡന്റ് പ്രൊഫ. അയിലം ഉണ്ണികൃഷ്ണൻ, സെക്രട്ടറി പ്രൊഫ. ചിറക്കര സലീംകുമാർ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, സംഘടനാ ഭാരവാഹികളായ ഞെക്കാട് ശശി, കായിക്കര ബിബിൻ, വിനോദ് ചമ്പക്കര തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഇടക്കൊച്ചി സലീംകുമാറിന്റെ കഥാപ്രസംഗവും അരങ്ങേറി.