ആറ്റിങ്ങൽ: വിവാഹപ്രായമെത്തിയിട്ടും നാലുവയസ്സുകാരിയുടെ പോലും ശാരീരികവളർച്ചയോ ചലനശേഷിയോ ഇല്ലാതെ കിടക്കയിൽ ചുരുണ്ടുകൂടുകയാണ് ദേവിക. മുറ്റത്ത് ഓടിക്കളിക്കേണ്ട പ്രായത്തിൽ വേദനകൊണ്ടു നിലവിളിക്കുകയാണ് കുഞ്ഞനിയത്തി ഗോപിക. ഇവരെ നെഞ്ചോടുചേർത്ത് ജീവിതവഴിയിൽ തളർന്നുനില്ക്കുകയാണ് അച്ഛനും അമ്മയും.
ജനിതകത്തകരാറാണ് മുദാക്കൽ ചെമ്പൂർ കുളക്കോട് അനുഗ്രഹയിൽ ജയകുമാർ-ബിന്ദു ദമ്പതിമാരുടെ മക്കളായ ദേവിക (20)യെയും ഗോപിക (10)യെയും വലയ്ക്കുന്നത്. ഹേൾ സിൻഡ്രോം എന്ന ജനിതകത്തകരാറാണ് കുട്ടികളെ ബാധിച്ചത്.
ജനിച്ചപ്പോൾ സാധാരണ കുട്ടികളെപ്പോലെയായിരുന്നു ഇരുവരും. കാലക്രമത്തിൽ രോഗം പിടിമുറുക്കുകയായിരുന്നു. ദേവിക കുഞ്ഞായിരിക്കുമ്പോൾ തുടരെ പനി വന്നിരുന്നു. ഒന്നരവയസ്സുള്ളപ്പോഴാണ് ജനിതകത്തകരാറ് കണ്ടെത്തിയത്. പിന്നീടിങ്ങോട്ട് പൊന്നുമകളെ രക്ഷിച്ചെടുക്കാനുള്ള ഓട്ടത്തിലായിരുന്നു ജയകുമാറും ബിന്ദുവും. കേരളത്തിലെ ഒട്ടുമിക്ക ആശുപത്രികളിലും ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
രണ്ടാമത്തെ കുഞ്ഞിനെ ഗർഭംധരിക്കുമ്പോൾ നിരവധി പരിശോധനകൾ നടത്തിയിരുന്നു. ജനിച്ചപ്പോൾ ഗോപികയ്ക്ക് ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. മിടുക്കിയായി ഓടിച്ചാടി നടന്ന കുട്ടിക്കു തുടരെത്തുടരെ അസുഖങ്ങളുണ്ടാകാൻ തുടങ്ങി. പരിശോധനകളിൽ ദേവികയുടെ രോഗം ഗോപികയെയും പിടികൂടിയെന്നറിഞ്ഞതോടെ ഈ അച്ഛനുമമ്മയും തകർന്നു.
കുട്ടികളുടെ ചികിത്സയ്ക്കായി വിദേശത്തെ ജോലിയുപേക്ഷിച്ച് ജയകുമാർ നാട്ടിൽവന്നു. കിടപ്പാടംവരെ പണയപ്പെടുത്തി ചികിത്സതുടർന്നു. ദേവികയ്ക്ക് ഇടയ്ക്കിടയ്ക്ക് ജന്നിവരും. മിക്കപ്പോഴും അബോധാവസ്ഥയിലാണ്. ചില നേരങ്ങളിൽ അക്രമവാസനയുമുണ്ട്. ഗോപികയ്ക്ക് രാവിലെ എഴുന്നേറ്റാൽ ശരീരം നുറുങ്ങുന്ന വേദനയാണ്. വിരൽ തൊടുമ്പോൾപ്പോലും ഈ കുഞ്ഞ് നിലവിളിക്കുകയാണ്.
പത്തുലക്ഷത്തിലേറെ രൂപ ബാങ്കിൽ കടമുണ്ട്. പുറത്ത് ലക്ഷങ്ങളുടെ കടം വേറെ. കടംകയറി കിടപ്പാടംകൂടി നഷ്ടപ്പെടുമെന്ന സ്ഥിതിയായതോടെ ഒരു മാസംമുമ്പ് ജയകുമാർ വീണ്ടും വിദേശത്തേക്കു തൊഴിൽ തേടിപ്പോയി. കുട്ടികളുടെ ചികിത്സയ്ക്കും മറ്റാവശ്യങ്ങൾക്കുമായി ഒരു മാസം 20,000 രൂപയിലധികം വേണം. രണ്ടുകുട്ടികൾക്കുമൊപ്പം എപ്പോഴും വേണമെന്നതിനാൽ ബിന്ദുവിന് തൊഴിൽതേടിപ്പോകാൻ കഴിയാത്ത സ്ഥിതിയാണ്.
മക്കളെ നെഞ്ചിൽ ചേർത്തുപിടിച്ച് കരയുകയാണ് ബിന്ദു. ബന്ധുക്കൾക്കെല്ലാം സങ്കടക്കാഴ്ചയാണിത്. കഴിയുന്നതെല്ലാം അവരും ചെയ്യുന്നു. എങ്കിലും എങ്ങുമെത്തുന്നില്ല. സർക്കാരിൽനിന്ന് കുട്ടികൾക്ക് പെൻഷൻ ലഭിക്കുന്നതൊഴിച്ച് മറ്റ് സഹായങ്ങളൊന്നും ലഭിച്ചിട്ടില്ല. കാരുണ്യത്തിന്റെ കരങ്ങളെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
സുമനസ്സുകൾക്ക് സഹായമെത്തിക്കാൻ ബിന്ദുവിന്റെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെഞ്ഞാറമൂട് ശാഖയിൽ 67232278771 എന്ന നമ്പരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. വിലാസം ഒ.ബിന്ദു, അനുഗ്രഹ, കുളക്കോട്, മുദാക്കൽ.പി.ഒ. ചെമ്പൂർ. ഫോൺ: 9048595051.