തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർത്ഥികളുടെ പര്യടനങ്ങൾക്ക് ഓരോ ജങ്ഷനിലും വൻ തിരക്കാണ്. സ്‌ത്രീകളും കുട്ടികളും അടക്കം വൻ ജനാവലിയാണ് സ്വീകരണസ്ഥലങ്ങളിലെത്തുന്നത്. സ്ഥാനാർത്ഥി പര്യടനത്തിനു മുന്നിൽ ബൈക്ക് റാലികളും എല്ലായിടത്തുമുണ്ട്.

വട്ടിയൂർക്കാവിൽ സി.ദിവാകരന് ഉജ്ജ്വല സ്വീകരണം

എൽ.ഡി.എഫ്. സ്ഥാനാർത്ഥി സി.ദിവാകരൻ വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ പര്യടനം നടത്തി. വൈകുന്നേരം പേരൂർക്കടയ്ക്കു സമീപം ഊറ്റുകുഴിയിൽ സി.പി.ഐ. ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് എൻ.സി.സി. നഗർ, പൂമല്ലിയൂർക്കോണം, കുടപ്പനക്കുന്ന്, പുല്ലുവിള തുടങ്ങിയ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി.

പുഷ്പവൃഷ്ടി നടത്തിയും പൂമാലകൾ ചാർത്തിയുമായിരുന്നു സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. ഹാർവിപുരം, വഴയില, കാച്ചാണി, സ്‌കൂൾ ജങ്‌ഷൻ, നെട്ടയം, പാപ്പാട്, സി.പി.ടി., വാഴോട്ടുകോണം, വയലിക്കട, മൂന്നാംമൂട്, വെള്ളൈക്കടവ്, കുലശേഖരം, പ്ലാവോട് ജങ്‌ഷൻ തുടങ്ങി വിവിധ കേന്ദ്രങ്ങൾ പിന്നിട്ട് രാത്രി വൈകി കൊടുങ്ങാനൂർ ജങ്‌ഷനിൽ പര്യടന പരിപാടി സമാപിച്ചു.

എൽ.ഡി.എഫ്. നേതാക്കളായ സോളമൻ വെട്ടുകാട്, കെ.സി.വിക്രമൻ, സി.പ്രസന്നകുമാർ, ഇ.ജി.മോഹനൻ, വട്ടിയൂർക്കാവ് ശ്രീകുമാർ, ശശാങ്കൻ, ജി.രാജീവ്, സി.എൽ.രാജൻ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.

ആവേശം വാരിവിതറി ശശി തരൂർ

കോവളം നിയോജകമണ്ഡലത്തിലായിരുന്നു യു.ഡി.എഫ്. സ്ഥാനാർത്ഥി ശശി തരൂരിന്റെ പര്യടനം. ബാലരാമപുരം മണ്ഡലം കമ്മിറ്റി ഓഫീസിനു മുന്നിൽ നടന്ന ഉദ്ഘാടനച്ചടങ്ങിനു ശേഷം സ്ഥാനാർത്ഥിയെ എടുത്തുയർത്തിയാണ് അണികൾ വാഹനത്തിലെത്തിച്ചത്. പര്യടനം തുടങ്ങിയപ്പോൾ ഇരുവശത്തും കുതിരകളിൽ ത്രിവർണ കൊടിയുമായി രണ്ടുപേർ അണിനിരന്നു.

ബാലരാമപുരം ശാലിഗോത്ര തെരുവിലെ സ്വീകരണത്തിനു ശേഷം പരുത്തിമഠം ജങ്ഷൻ വഴി ഐത്തിയൂർ ജങ്ഷനിലെത്തി. നക്‌സൽ ആക്രമണത്തിൽ മരിച്ച കമാൻഡോ ലൈജുവിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം തരൂർ ലൈജുവിന്റെ അമ്മയെയും സന്ദർശിച്ചു.

ആർ.സി. സ്‌ട്രീറ്റ്, വേങ്ങപ്പൊറ്റ, ചൊവ്വര തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം അടിമലത്തുറയിൽ സമാപിച്ചു. ശശി തരൂരിന്റെ പ്രചാരണത്തിന്റെ ഭാഗമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കരമനയിലും ശ്രീകണ്‌ഠേശ്വരത്തും സംസാരിച്ചു.

തീരദേശത്തെ ഇളക്കിമറിച്ച് കുമ്മനം രാജശേഖരൻ

കോവളം മണ്ഡലത്തിലെ തീരദേശത്തായിരുന്നു എൻ.ഡി.എ. സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ പര്യടനത്തിൽ കൂടുതൽ ഭാഗവും. പൂവാർ കോയിക്കവിളാകത്തുനിന്നാണ് പര്യടനം തുടങ്ങിയത്. പൂവാർ ജങ്ഷൻ, മാർക്കറ്റ് ജങ്ഷൻ, ആശുപത്രി ജങ്ഷൻ എന്നിവിടങ്ങളിലെല്ലാം സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ നിരവധി പ്രവർത്തകർ കാത്തുനിന്നിരുന്നു.

കരുംകുളത്തുനിന്നു തുടങ്ങി പരണിയം, കൊച്ചുതുറ, പുല്ലുവിള, ലൂർദ്പുരം വഴി കാഞ്ഞിരംകുളം ജങ്ഷനിൽ സമാപിച്ചു. പുഷ്പാർച്ചനയും ഹാരാർപ്പണവും നടത്തിയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.

ഉച്ചയ്ക്കു ശേഷം കെവൻവിള, മരപ്പാലം, വലിയവിള, കോട്ടുകാൽ, നന്നക്കുഴി, ഉച്ചക്കട, പയറ്റുവിള, മരുതൂർക്കോണം, നെട്ടത്താണി, വേങ്ങാപ്പൊറ്റ, അടിമലത്തുറ, ചൊവ്വര, ആഴിമല പ്രദേശങ്ങളിലെ സ്വീകരണ പരിപാടികളിലും പങ്കെടുത്തു.

രാത്രി വിഴിഞ്ഞം പഞ്ചായത്തിലെ കിടാരക്കുഴി ക്ഷേത്രത്തിൽനിന്നു തുടങ്ങി മൂലൂർ നെല്ലിക്കുന്ന് വഴി വിഴിഞ്ഞം തെരുവിൽ സമാപിച്ചു.