തിരുവനന്തപുരം: വോട്ടുറപ്പിക്കാൻ സ്വകാര്യ യോഗങ്ങളും, ചർച്ചകളും, പ്രമുഖരുടെ സഹായവുമെല്ലാം, അഭ്യർഥിച്ച് ആദ്യഘട്ടം വിജയകരമാക്കാൻ സ്ഥാനാർഥികൾ. കൺവെൻഷനുകൾ പൂർത്തിയാക്കുന്നതിനൊപ്പം പ്രമുഖരുടെയും സംഘടനകളുടെയും പിന്തുണ ഉറപ്പിക്കാൻ ലക്ഷ്യമിട്ടാണ് കൂടിക്കാഴ്ചകളും യോഗങ്ങളും നടക്കുന്നത്.

വ്യാഴാഴ്ച യു.ഡി.എഫിന്റെ പ്രധാന പരിപാടി കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ് ഉദ്ഘാടനമായിരുന്നു. ശാസ്തമംഗലത്ത് തുടങ്ങിയ ഓഫീസ് തെന്നല ബാലകൃഷ്ണപിള്ളയാണ് ഉദ്ഘാടനം ചെയ്തത്. തുടർച്ചയായി രണ്ടാം ദിവസവും കലാലയങ്ങളിലൂടെയായിരുന്നു സി.ദിവാകരന്റെ പര്യടനം. ബി.ജെ.പി. സ്ഥാനാർഥി കുമ്മനം രാജശേഖരൻ ചില സ്വകാര്യ യോഗങ്ങൾക്കും സന്ദർശനങ്ങൾക്കുമായി എറണാകുളത്തായിരുന്നു.

divakaran
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി. ദിവാകരന്‍ സിഇടിയില്‍ വോട്ടഭ്യര്‍ഥിക്കുന്നു

ചെമ്പഴന്തി എസ്.എൻ.കോളേജിൽ നിന്നാണ് സി.ദിവാകരൻ പ്രചാരണം തുടങ്ങിയത്. തുടർന്ന് ശ്രീകാര്യത്തെ കോളേജ് ഓഫ് എൻജിനീയറിങ്, മെഡിക്കൽ കോളേജ് കാമ്പസ്, ചാക്ക ഐ.ടി.ഐ., ഓൾസെയിന്റ്‌സ് കോളേജ് എന്നിവിടങ്ങളും സന്ദർശിച്ചു. വിദ്യാർഥികളോട് സംവദിച്ച് വോട്ടഭ്യർഥനയും നടത്തിയാണ് അദ്ദേഹം മേഖലാ കൺവെൻഷനുകളിലേക്ക് കടന്നത്. ചെങ്കവിള, കരമന, കടകംപള്ളി, ചെറുവയ്ക്കൽ മണ്ണന്തല എന്നിവിടങ്ങളിലായിരുന്നു കൺവെൻഷനുകൾ.

ഓഫീസ് ഉദ്ഘാടനത്തിനുശേഷം നഗരത്തിലെ മൂന്ന് കല്യാണങ്ങളിൽ പങ്കെടുത്തശേഷം ശശി തരൂർ നെയ്യാറ്റിൻകരയിലേക്കാണ് പോയത്. പാലിയോട്, മാരായമുട്ടം എന്നിവിടങ്ങളിലെ മരണവീടുകളിലും കയറി. പാറശ്ശാല, നെയ്യാറ്റിൻകര മണ്ഡലം കൺവെൻഷനുകൾക്കുശേഷം വ്ളാങാമുറി രാജരാജേശ്വരി ക്ഷേത്രത്തിൽ നടന്ന ചടങ്ങിലും പങ്കെടുത്തു. തുടർന്ന് നഗരത്തിലെത്തി സ്വകാര്യ യോഗങ്ങളിലും പങ്കെടുത്തു.

kummanam
എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചപ്പോള്‍. ഡോ. കെഎസ് രാധാകൃഷ്ണന്‍ സമീപം

എറണാകുളത്തേക്കുള്ള യാത്രയ്ക്കിടയിൽ കുമ്മനം രാജശേഖരൻ ആലഞ്ചേരി ബിഷപ്പിനെയും കെ.സി.ബി.സി. ഓഫീസും സന്ദർശിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ തിരിച്ചെത്തുന്ന സ്ഥാനാർഥി മണ്ഡലത്തിലെ പ്രചാരണ പരിപാടികളിൽ സജീവമാകും.