തിരുവനന്തപുരം: പ്രളയത്തിൽ രക്ഷകരായെത്തിയ പൂന്തുറയിലെ മത്സ്യത്തൊഴിലാളികൾ അതേയിടങ്ങളിൽ വീണ്ടുമെത്തി. ഇക്കുറി അവരെത്തിയത് പ്രളയത്തിൽ ദുരിതത്തിലാണ്ടുപോയവരുടെ കണ്ണീരൊപ്പാനാണ്.

പൂന്തുറ ഇടവകയിലെ മത്സ്യത്തൊഴിലാളികൾ തങ്ങളുടെ രണ്ടു ദിവസത്തെ അദ്ധ്വാനത്തിന്റെ വകയായി സമാഹരിച്ച ഇരുപത്തിരണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപയ്ക്ക് വാങ്ങിയ സാധനങ്ങളാണ് പ്രളയദുരിതർക്ക് കൈമാറിയത്. ആടുമുതൽ കട്ടിൽവരെ വാങ്ങി നൽകിയാണ് തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചത്.

ആലപ്പുഴയിലെ കണ്ടംകരി, കൈനകരി, അറുനൂറ്റാം പാടം അടക്കമുള്ള സ്ഥലങ്ങളിലെ ഒട്ടേറെപ്പേർക്കാണ് വീട്ടുസാധനങ്ങൾ നൽകിയത്. വിതരണത്തിനു മുൻപ്‌ ഇടവക വികാരിയുടെ നേതൃത്വത്തിൽ സ്ഥലങ്ങൾ സന്ദർശിച്ച് നാട്ടുകാർക്ക് ആവശ്യമുള്ള സാധനങ്ങൾ എന്താണെന്ന് മനസ്സിലാക്കി. തുടർന്നാണ് ആവശ്യമുള്ള സാധനങ്ങൾ വാങ്ങി ഓരോ വീട്ടുകാർക്കും നകിയത്. കട്ടിൽ, മിക്‌സി, ആട്, അയൺ, തെങ്ങിൻ തൈ, മെത്തയടക്കമുള്ളവയാണ് നൽകിയത്.

ഇതിനുപുറമേ തകർന്ന 14 വീടുകൾക്ക് അറ്റകുറ്റപ്പണിക്കുള്ള ധനസഹായവും പുനലൂർ മേഖലയിൽ 10 ലക്ഷം രൂപ മുടക്കി രണ്ടുവീടുകൾ പൂർണമായി നിർമിച്ചുനൽകാനും തിരുമാനിച്ചെന്ന് ഇടവക അധികാരികൾ പറഞ്ഞു. പൂന്തുറ സെന്റ്‌തോമസ് പള്ളി ഇടവക വികാരി ബെബിൻസൻ, സെക്രട്ടറി ജോണി ചിന്നപ്പൻ, തദയൂസ് പൊന്നയ്യൻ, ജോയിഡിക്രൂസ്, ഷിബു ഏലിയാസ്, ബെഞ്ചമിൻ ബർണാഡ്, ലിബിൻ, ലീൻ, വിൻസെന്റ്, മാർക്കോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വീടുകൾ സന്ദർശിച്ച് വിതരണം നടത്തിയത്.