തിരുവനന്തപുരം: ഒരുതവണ, ഒരൊറ്റത്തവണ ഒന്ന് കണ്ടാൽമതി എന്ന ആഗ്രഹവുമായി എത്തിയതാണ് രാജലക്ഷ്മി. പക്ഷേ, നേരിൽക്കണ്ട് ചേർത്തുപിടിച്ചപ്പോൾ ഇടയ്ക്കിടെ കാണാൻ പറ്റിയെങ്കിൽ എന്നായി. മലയാളത്തിന്റെ വാനമ്പാടിയെ നേരിൽക്കണ്ട നിമിഷം ജീവിതത്തിൽ മറക്കാതെ കുറിച്ചിടുകയാണ് കെ.എസ്.ചിത്രയുടെ ഈ കടുത്ത ആരാധിക. ചിത്രയുടെ ക്ലബ്ബ് എഫ്.എം. സന്ദർശനമാണ് ഈ സ്നേഹസംഗമത്തിന് വേദിയായത്. ശനിയാഴ്ച കനകക്കുന്നിൽ നടക്കുന്ന ക്ലബ്ബ് എഫ്.എം. മ്യൂസിക്കൽ നൈറ്റിൽ പങ്കെടുക്കാനെത്തിയതാണ് ചിത്ര.

ആറ്റിങ്ങൽ സ്വദേശിനിയായ ഈ വീട്ടമ്മ ചിത്രയുടെ എല്ലാ പാട്ടുകളും ഹൃദിസ്ഥമാക്കിയ ആരാധികയാണ്. ഗാനസ്നേഹിയായ ഇവർ ക്ലബ്ബ് എഫ്.എം. തുടങ്ങിയദിനം മുതൽ പാട്ടിന്റെ ഈ ഇമ്പമുള്ള യാത്രയ്ക്കൊപ്പമുണ്ട്. എഫ്.എമ്മിൽ സംസാരിക്കാൻ അവസരം കിട്ടിയപ്പേഴൊക്കെ ‘ചിത്ര ഗാന’ങ്ങളോടുള്ള പ്രിയം അറിയിച്ചിട്ടുണ്ട്. ക്ലബ്ബ് എഫ്.എമ്മിലൂടെ ഒരുതവണ ചിത്രയുമായി സംസാരിക്കാനും അവസരം കിട്ടി. അടുത്തത് ചിത്രയെ ഒരു തവണയെങ്കിലും നേരിട്ട് കാണണമെന്ന ആഗ്രഹം മാത്രമായി. എഫ്.എമ്മിൽ ചിത്ര എത്തുന്നതറിഞ്ഞ രാജലക്ഷ്മി സമ്മാനം നൽകാൻ ഒരു ശ്രീകൃഷ്ണവിഗ്രഹവുമായി പാഞ്ഞെത്തി.

ആദ്യമായി കണ്ടപ്പോൾ എന്തുപറയണം എന്നറിയാത്ത അവസ്ഥ. തന്റെ ആരാധനയും സ്നേഹവുമൊക്കെ ചേർത്തുപിടിച്ച് പങ്കുെവച്ചു. ശനിയാഴ്ചയിലെ പരിപാടിക്ക് പാടാൻ ചിത്രയുടെ ഒരുപിടി ഗാനങ്ങളുടെ ഇമ്പമുള്ള ലിസ്റ്റ് കൈമാറാനും മറന്നില്ല. റിട്ട. ജില്ലാ ജഡ്ജി രാജപ്പൻ ആചാരിയുടെ മകളാണ് രാജലക്ഷ്മി.

ഇവരെക്കൂടാതെ ചിത്രയോട് സ്നേഹം പങ്കുവയ്ക്കാൻ ഒരുസംഘം സംഗീത വിദ്യാർഥിനികളും ‘ആയിരം കണ്ണുമായ്’എഫ്.എമ്മിൽ കാത്തിരുന്നു. ജാൻ നവി, അനാമിക, രേവതി, അഷ്ടമി എന്നിവരാണ് പാട്ടും പൂക്കളുമായി ചിത്രയെ സ്വീകരിച്ചത്. ‘രാജഹംസമേ’ ഉൾപ്പെടെയുള്ള പാട്ടുമായാണ് ഇവർ ചിത്രയെ വരവേറ്റത്.

ശനിയാഴ്ച വൈകീട്ട് ആറിനാണ് കനകക്കുന്നിൽ മ്യൂസിക്കൽ നൈറ്റ് ആരംഭിക്കുക. സ്വയംവരാ സിൽക്‌സ്, അശ്വതി സിൽക്‌സ്, സുപ്രിയാ ഏജൻസീസ് എന്നിവരാണ് പരിപാടിയുടെ പ്രധാന സ്പോൺസർമാർ. ജോസ് ആലുക്കാസ്, എസ്.ബി.ഐ., ഫോൺ ഫോർ, സഫയർ, ഡബിൾ ഹോഴ്‌സ്, മലബാർ സിമന്റ്, ഹാൻടെക്‌സ്, സിസോ ഹെയർ കളർ, മണപ്പുറം ഫിനാൻസ് എന്നിവർ സഹപ്രായോജകരാണ്. പ്രവേശനം പാസ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്.