വെഞ്ഞാറമൂട്: കെ.എസ്.ആർ.ടി.സി. ബസുകൾ കൂട്ടിയിടിച്ച് ഒൻപതു യാത്രക്കാർക്കു പരിക്ക്.റോഡിലേക്ക് വീണ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ ബസ് വെട്ടി ഒഴിക്കുന്നതിനിടെ മറ്റൊരുബസിലേക്കു ഇടിച്ചാണ് അപകടമുണ്ടായത്.
ബസിലെ യാത്രക്കാരായ അടൂർ കിഴക്കുംകരവീട്ടിൽ അർജുൻ(29), അടൂർ സ്വദേശി അലക്സ്(50), ഭാര്യ സാലി(47), തൊടുപുഴ പ്ലാമ്പാനിൽ വീട്ടിൽ മിഥുൻ(26), തൊടുപുഴ പൊന്നുതോട്ടത്തിൽവീട്ടിൽ റോബിൺസൺ(28), പ്ലാമൂട് അമൃതയിൽ ചന്ദ്രശേഖരപിള്ള(51), കല്ലിയോട് കുന്നുംപുറത്തുവീട്ടിൽ രാധാകൃഷ്ണപിള്ള(66), പാലക്കാട് പറമ്പിൽ വീട്ടിൽ ബിബിൻ(25) എന്നിവർക്കും ബൈക്ക് യാത്രക്കാരനായ മാങ്കുളം ശാലിനിഭവനിൽ സുബി(26)നുമാണ് പരിക്കേറ്റത്.
കീഴായിക്കോണം അഗ്നിരക്ഷാസേനാ ഓഫീസിനു സമീപത്തായിരുന്നു അപകടം നടന്നത്. കല്ലറയിൽ നിന്നു വെഞ്ഞാറമൂട്ടിലേക്ക് വന്ന ഓർഡിനറി ബസും എറണാകുളത്തേക്കുപോയ ലോ ഫ്ളോർ എ.സി.ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ ലോ ഫ്ലോർ ബസിന്റെ ചില്ലുകൾ തകർന്നുപോയി.