പാറശ്ശാല: സ്റ്റേഷൻ മാസ്റ്ററെ അറിയിക്കാതെ പാറശ്ശാല റെയിൽവേ സ്റ്റേഷനു സമീപം ട്രാക്കിൽ അറ്റകുറ്റപ്പണി നടത്തിയത് അപകടത്തിനു കാരണമായി. അറ്റകുറ്റപ്പണിക്കിടെ ഇളക്കിമാറ്റിയ പാളത്തിൽ ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. ട്രെയിൻ പാറശ്ശാല സ്റ്റേഷനിൽനിന്നു നീങ്ങിത്തുടങ്ങിയ വേളയിലായതിനാൽ വേഗം കുറവായിരുന്നതു മൂലം ദുരന്തം ഒഴിവാകുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. നാഗർകോവിലിൽനിന്ന്‌ കോട്ടയത്തേക്കു വരികയായിരുന്ന പാസഞ്ചർ ട്രെയിൻ പാറശ്ശാല സ്റ്റേഷൻ കടന്നയുടനെ അപകടം സംഭവിക്കുകയായിരുന്നു.

റെയിൽവേ ട്രാക്കിലെ പഴക്കമുള്ള പാളം മാറ്റി പുതിയ പാളം സ്ഥാപിച്ച ശേഷം മാറ്റിയ പാളവുമായി കരാർത്തൊഴിലാളികൾ പാറശ്ശാല റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് ട്രാക്കിലൂടെ നടന്നുവരികയായിരുന്നു. ട്രെയിൻ വരുന്നതു ശ്രദ്ധയിൽപ്പെട്ട തൊഴിലാളികൾ ട്രാക്കിനു സമീപത്ത് പാളം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പാളം ട്രാക്കിനു സമീപത്താണ് വീണത്. ഇതിലേക്ക് ട്രെയിൻ ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ വിവിധ കമ്പാർട്ടുമെന്റിന്റെ പതിനൊന്നോളം ഫുട്ബോർഡുകൾക്ക് കേടുപാടു സംഭവിച്ചു.

ഫുട്ബോർഡുകളിൽ ഉരുക്കു പാളം ഇടിക്കുന്ന ശബ്ദം ട്രെയിൻ യാത്രക്കാരെ പരിഭ്രാന്തരാക്കി. തുടർന്ന് ഇലങ്കം ക്ഷേത്രത്തിനു സമീപം ട്രെയിൻ നിർത്തി പരിശോധന നടത്തിയ ശേഷം യാത്ര പുനരാരംഭിക്കുകയായിരുന്നു. ട്രെയിനിന്റെ വേഗം കുറഞ്ഞിരുന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുെന്നന്ന്‌ റെയിൽവേ ജീവനക്കാർ അറിയിച്ചു. ട്രാക്കിൽ നിർമാണപ്രവർത്തനങ്ങൾ നടത്തുമ്പോൾ സമീപത്തെ സ്റ്റേഷൻ മാസ്റ്ററെ മുൻകൂട്ടി വിവരമറിയിക്കണമെന്നാണ് നിയമം. എന്നാൽ, പാളത്തിൽ അറ്റകുറ്റപ്പണി നടത്തുകയായിരുന്നിട്ടും കരാർത്തൊഴിലാളികൾ സമീപത്തെ സ്റ്റേഷൻമാസ്റ്ററെ വിവരമറിയിച്ചിരുന്നില്ല. കരാറുകാരനോ എൻജിനീയറിങ്‌ വിഭാഗത്തിലെ ഉദ്യോഗസ്ഥരോ സ്ഥലത്തില്ലാതെയാണ് അറ്റകുറ്റപ്പണികൾ നടത്തിയത്.