thief
Photo: Mathrubhumi Library

പേയാട് : വീടുനിർമാണസ്ഥലത്തുനിന്ന് മോഷണം പോയ മോട്ടോർ പമ്പ് മോഷ്ടാവ് തിരികെ കൊണ്ടുവെച്ചു. ഒപ്പം വെള്ളപ്പേപ്പറിൽ ‘സോറി’ എന്ന് ഇംഗ്ലീഷിലെഴുതിയ കുറിപ്പും വച്ചിരുന്നു.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് വിളപ്പിൽശാല കുന്നുംപുറം ശാന്തിനികേതൻ സ്‌കൂളിനു സമീപത്തെ പ്ലോട്ടിൽ വീടുകൾ വയ്ക്കുന്ന രഞ്ജിത്ത്, ഷിജിൻ എന്നിവരുടെ ആവശ്യത്തിനു സൂക്ഷിച്ചിരുന്ന പമ്പ് മോഷണം പോയത്. രണ്ടുപേരും രണ്ട് പ്ലോട്ടുകളിലായാണ് വീടുവയ്ക്കുന്നത്. ഇവരിൽ രഞ്ജിത്തിന്റെ വീടുപണി നടക്കുന്ന സ്ഥലത്തുനിന്നാണ് പമ്പ് നഷ്ടപ്പെട്ടത്. വീടുപണിക്കായി ഇറക്കിയിരുന്ന കമ്പി, സിമന്റ് തുടങ്ങിയ സാധനങ്ങളും ഇവരുടെ സ്ഥലത്തുനിന്ന്‌ ഇടയ്ക്കിടയ്ക്കു നഷ്ടപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് വിളപ്പിൽശാല പോലീസിൽ ഇവർ പരാതിയും നൽകിയിരുന്നു.

കഴിഞ്ഞ ദിവസം പമ്പ് മോഷണം പോയപ്പോൾ പരാതി നൽകാനെത്തിയ ഇവരെ പോലീസ് നിരുത്സാഹപ്പെടുത്തിയതായി പറയുന്നു. മുൻപ് നൽകിയ പരാതിയുള്ളതിനാൽ അതിന്മേൽ അന്വേഷണം നടത്താമെന്ന ഉറപ്പാണ് പോലീസ് നൽകിയതെന്നിവർ പറയുന്നു. എന്തായാലും മോഷണവാർത്ത വെള്ളിയാഴ്ച ‘മാതൃഭൂമി’ നൽകിയിരുന്നു. തുടർന്ന് രാവിലെ വീടുപണി നടക്കുന്ന സ്ഥലത്തെത്തിയപ്പോൾ പമ്പ് തിരിച്ചുകിട്ടിയെന്ന് ഉടമ പറയുന്നു. ഇവരുടെ സ്ഥലത്തിനടുത്തുള്ള പാറക്കെട്ടുള്ള ഭാഗം സാമൂഹികവിരുദ്ധർ താവളമാക്കുന്നതായി നാട്ടുകാർ പറയുന്നുണ്ട്‌. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ അവശിഷ്ടങ്ങളും സ്ഥലത്തു കാണാറുണ്ട്.