പൂവാർ: തെരുവുനായ്ക്കൾ കോഴിഫാമിൽ കയറി അഞ്ഞൂറോളം കോഴികളെ കൊന്നു. അരുമാനൂർ പാഞ്ചിക്കാല വേപ്പിൻവിളാകത്ത് സുരേന്ദ്രന്റെ കോഴിഫാമിലാണ് തെരുവുനായ്‌ക്കളുടെ ആക്രമണമുണ്ടായത്. തെരുവുനായ്ക്കൾ കൂട്ടത്തോടെയെത്തി കോഴിഫാമിന്റെ വലകൾ കടിച്ചുമുറിച്ചാണ് ഉള്ളിൽകടന്നത്.

ബഹളംകേട്ട് വീട്ടുകാർ എത്തിയപ്പോൾ തെരുവുനായ്‌ക്കൾ അവരെയും ആക്രമിക്കാൻ ശ്രമം നടത്തിയതായി വീട്ടുകാർ പറഞ്ഞു. പത്തോളംവരുന്ന തെരുവുനായ്ക്കളാണ് കൂട്ടത്തോടെ എത്തിയത്. ഫാമിലുണ്ടായിരുന്ന മുഴുവൻ കോഴികളെയും നായ്ക്കൾ കടിച്ചുകൊന്നു. മൂന്നുവർഷങ്ങൾക്കു മുൻപും ഇവിടെ കോഴിഫാമിൽ കയറി തെരുവുനായ്‌ക്കൾ കോഴികളെയും ആടുകളെയും കടിച്ചുകൊന്ന സംഭവമുണ്ടായിട്ടുണ്ട്.