പാറശ്ശാല: കാണുന്നവർക്ക് നടുക്കമാണ് ഈ കുടുംബം. അനാഥത്വം ഉണ്ടാക്കിയ അരക്ഷിതാവസ്ഥയിൽ പത്തു വർഷമായി വീട്ടിൽനിന്നു പുറത്തിറങ്ങാതെ രണ്ട് യുവതികൾ. ഏക ആശ്രയമായ അച്ഛൻ ഇവരെ പോറ്റാനായി ഭിക്ഷതേടി തെരുവിൽ.

കാരോട് ഗ്രാമപ്പഞ്ചായത്തിലെ കാക്കവിള ചെന്നിയോട്ടിൽ രാമചന്ദ്രൻ നായരുടെ മക്കളായ ചിത്രകുമാരി(38), സ്മിത(36) എന്നിവരാണ് അമ്മയുടെ മരണത്തെത്തുടർന്ന് കഴിഞ്ഞ പത്തു വർഷമായി വീടിനു പുറത്തിറങ്ങാതെ കഴിയുന്നത്.

70 വയസ്സായ രാമചന്ദ്രൻ ഭിക്ഷയെടുത്തുകൊണ്ടുവരുന്ന സാധനങ്ങൾ ഉപയോഗിച്ചാണ് ഭക്ഷണം കഴിക്കുന്നത്. മേൽക്കൂരയടക്കം തകർന്ന നാലു ചുവരുകൾക്കുള്ളിൽ ഈ മക്കളെ പൂട്ടിയിട്ടിട്ടാണ് രാമചന്ദ്രൻ പുറത്തേക്കിറങ്ങുന്നത്. ഇവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക കാരണമാണിത്. വർഷങ്ങളോളം പൂട്ടിയിടപ്പെട്ടതു മൂലം മാനസികനില തെറ്റിയതുപോലെയാണ് ഇവരുടെയും പെരുമാറ്റം.

പുറത്തുനിന്നു വീട്ടിലേക്ക് ആരു വന്നാലും അവരെല്ലാം തങ്ങളെ ഉപദ്രവിക്കാൻ വരികയാണെന്ന തോന്നലിൽ ഇവർ അലറിവിളിക്കാറുള്ളതായി നാട്ടുകാർ പറയുന്നു. ഇതിനാൽ പരിസരവാസികളോ ബന്ധുക്കളോ ഇവിടേക്കു പോകാറില്ല. പ്ലസ്ടുവിനു ശേഷം നാഗർകോവിലിലെ സ്വകാര്യസ്ഥാപനത്തിൽനിന്ന് ലാബ് ടെക്‌നീഷ്യൻ കോഴ്‌സ്‌ പൂർത്തിയാക്കിയവരാണ് സഹോദരിമാർ. നാഗർകോവിലിൽ താമസിച്ചിരുന്ന ഇവർ പതിനഞ്ചു വർഷം മുമ്പാണ് ഇവിടേക്കു താമസംമാറിയെത്തിയത്. പത്തു വർഷം മുമ്പ് ഇവരുടെ അമ്മ ലീലാകുമാരി ചികിത്സയിലിരിക്കെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ മരിച്ചു. അമ്മയുടെ മരണത്തോടെ രണ്ട് പെൺകുട്ടികളും ഒറ്റപ്പെടുകയായിരുന്നു.

രാത്രി രണ്ടുപേരെയും ചോർന്നൊലിക്കുന്ന വീടിനുള്ളിലാക്കി പൂട്ടിയശേഷം രാമചന്ദ്രൻ നായർ വീടിനു മുന്നിൽ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് ഉണ്ടാക്കിയ ഒരു ചെറിയ മറയ്ക്കുള്ളിലാണ് ഉറങ്ങുന്നത്. പുറത്തേക്കിറങ്ങുമ്പോൾ ആരെങ്കിലും രാമചന്ദ്രന് നൽകുന്ന പഴയ വസ്ത്രങ്ങളാണ് ഇവർക്ക് ആകെയുള്ളത്. അതും ആകെ മുഷിഞ്ഞ നിലയിലാണ്. തന്റെ കാലശേഷം മക്കളുടെ സ്ഥിതിയെന്താകുമെന്ന ചിന്തയാണ് രാമചന്ദ്രൻ നായരെ അലട്ടുന്നത്.

രണ്ടു ദിവസമായി പഞ്ചായത്തു വക ഭക്ഷണം

:രാമചന്ദ്രൻ നായരുടെ കുടുംബത്തിന് റേഷൻ കാർഡ് ഉണ്ടായിരുന്നുവെങ്കിലും അത് നഷ്ടപ്പെട്ടതോടെ റേഷൻ ലഭിക്കാതായി. ഇവരുടെ ദുരവസ്ഥ പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളായി പഞ്ചായത്തിൽ നിന്നുള്ള ഭക്ഷണപ്പൊതി ലഭിക്കുന്നുണ്ട്.