നെടുമങ്ങാട്: മലയോര ഗ്രാമത്തിലെ കുട്ടികൾക്ക് നീന്തൽ പരിശീലനത്തിനും അതുവഴി തൊഴിലിലേക്കും പുതിയ വാതിൽ തുറന്നുകൊണ്ട് നെടുമങ്ങാട്ട് ഒളിമ്പിക്സ് നിലവാരത്തിൽ അന്താരാഷ്ട്ര നീന്തൽക്കുളമൊരുങ്ങുന്നു. നെടുമങ്ങാട് പുലിപ്പാറ പനങ്ങോട്ടാണ് പുതിയ നീന്തൽക്കുളത്തിന്റെ നിർമാണം പുരോഗമിക്കുന്നത്. നെടുമങ്ങാട് നഗരസഭയുടെ കീഴിൽ ആദ്യഘട്ടത്തിൽ ഒരുകോടി രുപ ചെലവിട്ട് നിർമിക്കുന്ന കുളത്തിന്റെ അടിസ്ഥാന നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. 50 മീറ്റർ നീളത്തിലും 25 മീറ്റർ വീതിയിലുമാണ് കുളം ഒരുക്കുന്നത്. പത്ത് ട്രാക്കുകളിലായി ഒരേസമയം 250-കുട്ടികൾക്ക് പരിശീലനം നൽകാൻ കഴിയും.

രണ്ടാംഘട്ടത്തിൽ ബേബിപൂൾ, മിനിപൂൾ, ഗാലറി എന്നിവയും നിർമിക്കും. നേരത്തേ ചിറയായി കാടുമൂടിക്കിടന്ന പ്രദേശത്താണ് പുതിയ നീന്തൽകുളം നിർമിക്കുന്നത്. കൈയേറ്റം ഒഴിപ്പിച്ചാണ് നിർമാണം. 25 ലക്ഷം രൂപ ചെലവിൽ പുത്തൻചിറക്കുളത്തിന്റെ നവീകരണവും നടക്കുന്നുണ്ട്.