ഇലകമൺ: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായി. രാപകൽ വ്യത്യാസമില്ലാതെ നിരത്തുകളിൽ തെരുവുനായകളുടെ വാഴ്ചയാണ്. എട്ടും പത്തും നായകളാണ് കൂട്ടമായി ജനവാസകേന്ദ്രങ്ങളിലുൾപ്പെടെ വിഹരിക്കുന്നത്. പ്രദേശവാസികൾക്കും ഇരുചക്രവാഹനയാത്രക്കാർക്കും സ്കൂൾ വിദ്യാർഥികൾക്കും ഇവ ഭീഷണിയാണ്. ഇലകമൺ, അയിരൂർ, പാളയംകുന്ന്, കടവംകര, വില്ലിക്കടവ്, നടയറ തുടങ്ങിയ ഭാഗങ്ങളിലെല്ലാം തെരുവുനായശല്യം രൂക്ഷമാണ്.
രണ്ടാഴ്ച മുമ്പ് പാളയംകുന്ന് ഭാഗത്ത് സ്ത്രീകളുൾപ്പെടെ അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. കുറച്ചുനാൾ മുമ്പ് അയിരൂർ പോലീസ് സ്റ്റേഷനു സമീപം തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടറിൽനിന്നു വീണ് യാത്രക്കാരിക്ക് പരിക്കേൽക്കുകയുണ്ടായി. രാവിലെ പത്രവിതരണത്തിനു പോകുന്നവർക്കും തെരുവുനായകൾ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. സ്കൂളുകൾക്കു സമീപം റോഡുകളിൽ നായകൾ കൂട്ടമായി നിൽക്കുന്നതിനാൽ വിദ്യാർഥികളെ തനിച്ചുവിടാൻ വീട്ടുകാർ ഭയക്കുന്നു.
പൗൾട്രിഫാം, ഓഡിറ്റോറിയം, ഹോട്ടൽ, ഇറച്ചിവെട്ടുകേന്ദ്രങ്ങൾ, മാലിന്യം സ്ഥിരമായി നിക്ഷേപിക്കുന്ന സ്ഥലങ്ങൾ എന്നിവയ്ക്കു സമീപമാണ് തെരുവുനായ്ക്കൂട്ടം തമ്പടിക്കുന്നത്. ഭക്ഷണം തേടിയെത്തുന്ന നായകൾ പിന്നീട് റോഡിലും പറമ്പുകളിലും അലയുകയാണ് ചെയ്യുന്നത്. അക്രമകാരികളായ പട്ടികളും ഇക്കൂട്ടത്തിലുണ്ടാകും. ഇരുചക്രവാഹന, കാൽനടയാത്രക്കാർക്കാണ് ഏറ്റവും ഭീഷണി. മാംസാവശിഷ്ടങ്ങളും ഹോട്ടൽ മാലിന്യങ്ങളും തിന്നാണ് ഇവ ജീവിക്കുന്നത്.
അനിമൽ ബർത്ത് കൺട്രോൾ(എ.ബി.സി.) പദ്ധതി പ്രകാരം തെരുവുനായകളുടെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നതിന് വർക്കല താലൂക്കിൽ ഇലകമൺ മൃഗാശുപത്രിയിൽ മാത്രമാണ് സൗകര്യമുള്ളത്. ദൂരസ്ഥലങ്ങളിൽനിന്നുവരെ പട്ടികളെ ഇവിടെത്തെ സർജിക്കൽ ബ്ലോക്കിലാണ് എത്തിക്കുന്നത്. ജില്ലാപ്പഞ്ചായത്ത് ആവിഷ്കരിച്ച തെരുവുനായ വന്ധ്യംകരണ പദ്ധതി നിലച്ചമട്ടാണ്. പഞ്ചായത്തിലെ തെരുവുനായ ശല്യം ഒഴിവാക്കാൻ കർശന നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Content Highlights: Stray Dogs Ilakaman, Stary dogs attack, people demanding action