നെയ്യാറ്റിൻകര: അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസും അങ്കണവും ഇനിമുതൽ സൗരോർജ പ്രഭയിൽ. ബ്ലോക്ക് ഓഫീസും അങ്കണത്തിലെ മറ്റ് ഏഴ് ഓഫീസുകളും സൗരോർജ വൈദ്യുതിയിലാണ് പ്രവർത്തിക്കുക. ബ്ലോക്ക് അങ്കണത്തിൽ 15 കിലോ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന സൗരോർജ പാനലുകൾ സ്ഥാപിച്ചു.
ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽനിന്ന് 13 ലക്ഷം രൂപ ചെലവിട്ടാണ് പാനലുകൾ സ്ഥാപിച്ചത്. കെൽട്രോണാണ് സൗരോർജ പാനലുകൾ സ്ഥാപിച്ചത്. ആകെ പതിനഞ്ച് കിലോ വാട്ട് വൈദ്യുതി പ്രതിമാസം ഉത്പാദിപ്പിക്കാനാകും.
അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വ്യവസായ വികസന ഓഫീസ്, പട്ടികജാതി വികസന ഓഫീസ്, പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം, കൃഷി വികസന ഓഫീസ്, ക്ഷീരവികസന ഓഫീസ്, മൃഗസംരക്ഷണ വകുപ്പ് ഓഫീസ്, കോൺഫറൻസ് ഹാൾ, സി.ഡി.പി.ഒ. ഓഫീസ് എന്നിവയാണ് ബ്ലോക്ക് അങ്കണത്തിൽ പ്രവർത്തിക്കുന്നത്. ഇനിമുതൽ ഈ ഓഫീസുകൾ സൗരോർജ വൈദ്യുതിയിലാകും പ്രവർത്തിക്കുക.
നിലവിൽ ബ്ലോക്ക് ഓഫീസിന് പ്രതിമാസം ശരാശരി പതിനായിരം രൂപയാണ് വൈദ്യുതി ബില്ലിനത്തിൽ അടയ്ക്കേണ്ടിവരുന്നത്. സൗരോർജ പാനൽ സ്ഥാപിച്ചതോടെ ഈ ബിൽ അടയ്ക്കുന്നത് ഒഴിവാക്കാനാകും. ഇതിനുപുറമേ അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് നൽകാനുമാകും.
ബ്ലോക്ക് അങ്കണത്തിലെ ഓഫീസുകൾ പ്രവർത്തിക്കുന്നതിനായി പ്രതിമാസം പത്ത് കിലോവാട്ട് വൈദ്യുതിയാണ് വേണ്ടത്. സൗരോർജ പാനലിലൂടെ പ്രതിമാസം പതിനഞ്ച് കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. മിച്ചമുള്ള അഞ്ച് കിലോവാട്ട് വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് നൽകും.
ഇതിനുപുറമേ ഓഫീസ് പ്രവർത്തിക്കാതിരിക്കുന്ന സമയത്തെ വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് നൽകും. ഇത്തരത്തിൽ അധികമായി ലഭിക്കുന്ന വൈദ്യുതിയുടെ പണം കെ.എസ്.ഇ.ബി. ബ്ലോക്ക് പഞ്ചായത്ത് അടയ്ക്കേണ്ടിവരുന്ന മറ്റ് ഓഫീസുകളുടെ ബില്ലിൽ കുറവുവരുത്തും. നിലവിൽ വിവിധ സ്ഥലങ്ങളിലെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ വൈദ്യുതി ബിൽ ബ്ലോക്ക് പഞ്ചായത്താണ് അടയ്ക്കുന്നത്. സൗരോർജ പാനലിന്റെ ഉദ്ഘാടനം കെ.ആൻസലൻ എം.എൽ.എ. നിർവഹിച്ചിരുന്നു. രണ്ടുദിവസത്തിനകം ബാറ്ററി സ്ഥാപിക്കുന്നതോടെ സൗരോർജ വൈദ്യുതിയിലാകും ബ്ലോക്ക് പഞ്ചായത്ത് പ്രവർത്തിക്കുകയെന്ന് സെക്രട്ടറി ധീരജ് മാത്യു പറഞ്ഞു.
Content Highlight: Solar Athiyannoor block office