ആര്യനാട്: ആര്യനാട്, കുറ്റിച്ചൽപഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ കാര്യോട്-കൊക്കോട്ടേല റോഡിൽ അണിയിലകടവ് പാലത്തിന് സമീപം അറവ് ശാലയിലെ മാലിന്യങ്ങളും, ഹോട്ടൽ അവശിഷ്ടങ്ങളും വലിച്ചെറിയുന്നത് നിത്യസംഭവമായിരിക്കുന്നു. വിജനമായ പ്രദേശത്ത് പുതിയ പാലത്തിനോട് ചേർന്ന് കാടുള്ളതിനാൽ രാത്രികാലങ്ങളിൽ വാഹനങ്ങളിലാണ് മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെ കൊണ്ടിടുന്നത്. അഴുകിയ ഇറച്ചികഷണങ്ങളും എല്ലിൻ കഷ്ണങ്ങളും തെരുവു നായ്ക്കൾ കടിച്ച് വലിച്ച് പ്രധാന റോഡിൽ കൊണ്ടിടുന്നത് കാരണം ഇരുചക്രവാഹനങ്ങൾ അപകടത്തിലാകുന്നത് നിത്യസംഭവമാണ്.

പകൽ സമയങ്ങളിൽ തെരുവു നായ്ക്കൾ കൂട്ടം കൂടി കടിപിടികൂടുന്നത് കാരണം സ്കൂൾ കുട്ടികൾക്ക് ഇത് വഴി നടക്കാനാകാത്ത സ്ഥിതിയാണ്.

ഇറച്ചി മാലിന്യങ്ങൾ കാക്കകൾ കൊത്തിവലിച്ച് സമീപത്തെ വീടുകളിലെ കിണറുകളിലും, കരമനയാറ്റിലുംകൊണ്ടിടാറുണ്ട്. അണിയിലക്കടവിലെ പഴയ കമ്പി പാലത്തിനടിയിലൂടെ ചാക്കിൽ കെട്ടിയ ഇറച്ചി മാലിന്യം ഇടുന്നത് ഒഴുകി കരമനയാറ്റിലേക്കെത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾസൃഷ്ടിക്കുന്നു.

ഗ്രാമപ്പഞ്ചായത്ത് ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് അണിയിലകടവ് പാലത്തിനുസമീപം നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വിജനമായ ഇവിടെ രാത്രി കാലങ്ങളിൽ സാമൂഹികവിരുദ്ധരുടെ ശല്യവും കൂടുതലാണ്. രാത്രി കാലങ്ങളിൽ പോലീസ് പട്രോളിങ്‌ ശക്തമാക്കണമെന്നും പരിസരവാസികൾ ആവശ്യപ്പെടുന്നു.

നടപടി സ്വീകരിക്കും

പഞ്ചായത്ത്, പോലീസ്, എക്സൈസ് എന്നിവയും നാട്ടുകാരും ചേർന്ന് സമിതി രൂപവത്കരിച്ച് ഇവരുടെ മേൽനോട്ടത്തിൽ ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കും

-സുധീരൻ എം.എസ്.,

സെക്രട്ടറി

ആര്യനാട് ഗ്രാമപ്പഞ്ചായത്ത്