മൂല്യബോധമുള്ള രാഷ്ട്രീയനേതാവായിരുന്നു എം.പി. വീരേന്ദ്രകുമാർ. മഹാഭാരതകഥ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു വീരേന്ദ്രകുമാറിനെ ആദ്യം കാണുന്നത്. അവിടെ പ്രസംഗിച്ച എട്ടു സാഹിത്യകാരന്മാരിൽ മനസ്സിൽതങ്ങിനിന്ന പ്രസംഗം വീരേന്ദ്രകുമാറിന്റേതായിരുന്നു. കാര്യങ്ങൾ മനസ്സിലാക്കുന്നതിലും അത് അവതരിപ്പിക്കുന്നതിലും പുസ്തകത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചയുമെല്ലാം നേരിട്ടറിഞ്ഞ വാക്കുകളായിരുന്നു അത്. ഒരുവലിയ മനുഷ്യന്റെ മുമ്പിലാണ് നിൽക്കുന്നതെന്ന് ആ വാക്കുകൾ ബോധ്യപ്പെടുത്തി.
സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നേടിയ വലിയ സാഹിത്യകാരനാണെങ്കിലും അദ്ദേഹത്തിന്റെ പേര് കേൾക്കുമ്പോൾ രണ്ടുരൂപത്തിലാണ് നമ്മുടെ മനസ്സിൽ ആ മുഖമെത്തുന്നത്. അതിലൊന്ന് മാതൃഭൂമിയെ വളർത്തി വലുതാക്കിയെടുത്ത വലിയൊരു പ്രസാധകനായിട്ടാണ്. മാതൃഭൂമിയുടെ മുഖമായിരുന്നു അദ്ദേഹം. വീരേന്ദ്രകുമാറിനൊപ്പമാണ് മാതൃഭൂമിയെ ജനങ്ങളറിയുന്നത്. രാഷ്ട്രീയത്തിലെ സാന്നിധ്യമാണ് രണ്ടാമത്തേത്. ഒരുസോഷ്യലിസ്റ്റ് നേതാവെന്ന നിലയിൽ ഇന്ത്യയിലിന്ന് അദ്ദേഹത്തെപ്പോലെ അധികമാളില്ല. രണ്ടുതവണവീതം ലോക്‌സഭയിലും രാജ്യസഭയിലും അംഗമായി എന്നതുമാത്രമല്ല വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ പ്രാധാന്യം. വിശ്വസിക്കുന്ന രാഷ്ട്രീയത്തിലെ മൂല്യവും തത്ത്വവും പ്രയോഗത്തിൽ എന്നും കാത്തുസൂക്ഷിച്ചുവെന്നത് കൂടിയാണ്. അദ്ദേഹത്തിന്റെ പാർട്ടിയായ ജനതാദൾ യുണൈറ്റഡ് നേതാവായിരുന്ന നിതീഷ് കുമാർ യു.പി.എ. വിട്ട് നരേന്ദ്രമോദിക്കൊപ്പം ചേർന്നപ്പോൾ, അതിനെ തള്ളിപ്പറയാൻ വീരേന്ദ്രകുമാറിന് ഒരുനിമിഷം പോലും വേണ്ടിവന്നില്ല. രാഷ്ട്രീയമൂല്യം പ്രവർത്തനത്തിൽ കാത്തുസൂക്ഷിക്കുന്ന രാഷ്ട്രീയക്കാരനായിരുന്നു വീരേന്ദ്രകുമാർ.
ഒരുതവണമാത്രമാണ് കേന്ദ്രമന്ത്രിസ്ഥാനത്തിരുന്നതെങ്കിലും വീരേന്ദ്രകുമാറിന്റെ വ്യക്തിപ്രഭാവം അതുമാത്രമായിരുന്നില്ല. രണ്ടുതവണ പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയർമാനായിരുന്നു. 20 വർഷമുമ്പ് വിദേശത്ത് ഞാൻകൂടി പങ്കെടുത്ത ഒരു അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിൽ ഇന്ത്യയിലെ മാധ്യമമേഖലയെക്കുറിച്ച് ഒട്ടേറെ കാര്യങ്ങൾ അവതരിപ്പിച്ചത് വീരേന്ദ്രകുമാറായിരുന്നു. ഒട്ടേറെ കാര്യങ്ങൾ മനസ്സിലാക്കാൻ ആ വാക്കുകൾ സഹായിച്ചു. ആഴത്തിലുള്ള അറിവും രാഷ്ട്രീയചലനങ്ങൾ മനസ്സിലാക്കുന്നതിലുള്ള കഴിവും അത് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലുള്ള പ്രാവീണ്യവും എല്ലാമുള്ള ഒരു നേതാവിനെയാണ് നഷ്ടമായത്.
Content Highlight: shashi tharoor Remembers MP Veerendra Kumar