തിരുവനന്തപുരം: വനിതാ വോട്ടർമാരുമായി മണ്ഡലത്തിലെ വികസന സങ്കല്പങ്ങൾ പങ്കുവെച്ച് ശശി തരൂർ. വെള്ളയമ്പലത്തുനടന്ന വിമെൻസ് കോൺക്ലേവ് പരിപാടിയിൽ ശബരിമല മുതൽ നായർ സ്ത്രീകളുമായി ബന്ധപ്പെട്ട് തരൂരിന്റെ പുസ്തകത്തിലെ പരാമർശംവരെയുള്ള ചർച്ചയായി.

“യു.പി.എ. അധികാരത്തിലെത്തിയാൽ വനിതാ സംവരണ ബിൽ പാസാക്കും. ഇവിടെ ഹൈക്കോടതി ബഞ്ച് യാഥാർഥ്യമാക്കാൻ ശ്രമിക്കും. 30 വർഷം മുൻപ് എഴുതിയ നോവലിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണിപ്പോൾ. വിശ്വാസ സ്വാതന്ത്ര്യത്തിനായി കോൺഗ്രസ് നിലനിൽക്കും. ശബരിമല വിഷയത്തിൽ ഇടതുപക്ഷവും ബി.ജെ.പി.യും രാഷ്ട്രീയം കളിക്കുകയാണ്. എം.പി. എന്ന നിലയിലുള്ള തന്റെ പ്രവർത്തനങ്ങൾക്ക് തിരുവനന്തപുരം കോർപ്പറേഷൻ പിന്തുണ നൽകിയില്ല. ബാഴ്‌സലോണ ഇരട്ടനഗരം പദ്ധതി അട്ടിമറിക്കാൻ നഗരസഭ ശ്രമിച്ചു”- തരൂർ പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് കൂടുതൽ സർവീസുകൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം വനിതാ കൂട്ടായ്മയാണ് ശശി തരൂരുമായുള്ള സംവാദം ‘വിമെൻസ് കോൺക്ലേവ്’

സംഘടിപ്പിച്ചത്. പരിപാടിക്കിടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ശശി തരൂരിനെ വേദിയിലെത്തി സന്ദർശിച്ചു. ശശി തരൂരിന്റെ സഹോദരി ശോഭയും പരിപാടിയിൽ പങ്കെടുത്തു.

Content Highlights: Shashi Taroor 2019 Loksabha Elections