വിളവൂർക്കൽ : തകർന്ന വീട്ടിൽ താളംതെറ്റിയ മനസ്സുമായി കഴിയുന്ന അവിവാഹിതയായ സഹോദരിക്കൊപ്പം കഴിഞ്ഞിരുന്ന എഴുപതുകാരന്റെ മരണം പുറത്തറിഞ്ഞത് മൂന്നാം നാൾ. പേയാട് ചന്തമുക്ക് മേലെപുത്തൻവീട്ടിൽ ബാലകൃഷ്ണൻനായരാണ് മരിച്ചത്.

മേൽക്കൂര തകർന്ന് പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ ഇൗ സഹോദരങ്ങൾ മാത്രമായിരുന്നു താമസം. ആരുടെ മുന്നിലും കൈനീട്ടുന്ന ബാലകൃഷ്ണന് കിട്ടുന്ന ചില്ലറയാണ് വരുമാനം. പിന്നെ കർഷകത്തൊഴിലാളി പെൻഷനും പേയാട് കണ്ണശ്ശമിഷൻ ഹൈസ്കൂളിലെ കുട്ടികളുടെ നന്മ പെൻഷൻ പദ്ധതിയിലെ ചെറിയ വരുമാനവും. ചില്ലറ കടകളിൽ കൊടുത്ത് നോട്ടാക്കി മാറ്റും.

പഞ്ചായത്തിന്റെ പാഥേയം പദ്ധതിയിലൂടെ ഭക്ഷണം ലഭിച്ചിരുന്നു. മൃതദേഹം കിടന്ന മുറി പരിശോധിച്ച മലയിൻകീഴ് പോലീസ് മുറിയിലെ രണ്ടു പെട്ടികളിലായി സൂക്ഷിച്ചിരുന്ന 2,60,000 രൂപ കണ്ടെത്തി. ഒപ്പം രണ്ട് സ്വർണമോതിരം, ലോക്കറ്റ് എന്നിവയും ലഭിച്ചു. മടക്കില്ലാത്ത അഞ്ഞൂറിന്റെ നോട്ടുകളാണ് പെട്ടിയിലെ വസ്ത്രങ്ങൾക്കടിയിലായി സൂക്ഷിച്ചിരുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണിയാളെ അവസാനമായി വീടിനു പുറത്തു കണ്ടതെന്ന് പരിസരവാസികൾ പറയുന്നു. സുഖമില്ലാതെ കിടന്ന ബാലകൃഷ്ണനെ താൻ മുൻകൈയെടുത്ത് മലയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയതായും അസുഖം ഭേദമായെന്നു പറഞ്ഞാണ് കഴിഞ്ഞ ദിവസം തിരിച്ചെത്തിയതെന്നും പഞ്ചായത്ത് അംഗം എസ്.ശാലിനി പറഞ്ഞു.

സഹോദരന്റെ മരണത്തോടെ കോമളം തനിച്ചായി. ബന്ധുവീട്ടിൽ നിന്നുമെത്തിക്കുന്ന ഭക്ഷണം കഴിയ്ക്കും. ആരോടും സംസാരിക്കാറില്ല. ഇവരുടെ സംരക്ഷണത്തിനായി ഉടൻ നടപടിയെടുക്കുമെന്ന് പഞ്ചായത്ത് അംഗം പറഞ്ഞു. പനങ്ങോട് റോഡിലെ 10 സെന്റ് ഭൂമിയിലാണിവരുടെ തകർന്ന വീട്. കോമളത്തിന്റെ പേരിലായിരുന്ന ഭൂമി ബന്ധുക്കളിൽ ചിലർ എഴുതിവാങ്ങിയതായും പറയുന്നു.

ബാലകൃഷ്ണന്റെ മൃതദേഹം സേവാഭാരതി പേയാട് യൂണിറ്റിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലെത്തിച്ചു. കോവിഡ് പരിശോധനയിൽ നെഗറ്റീവായതിനാൽ തിങ്കളാഴ്ച മൃതദേഹ പരിശോധന നടത്തി. മരണത്തിൽ ദുരൂഹതയില്ലെന്ന്‌ പോലീസ് പറഞ്ഞു.