തിരുവനന്തപുരം: കോവളത്ത് ശക്തമായ തിരകൾ കാരണം കടലിൽപ്പെടുന്നവരുടെ എണ്ണമേറുന്നു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ 11 പേരെയാണ് ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം തിരയിൽപ്പെട്ട വിദേശികളടക്കം അഞ്ചുപേരെയാണ് രക്ഷപ്പെടുത്തിയത്. ലൈറ്റ് ഹൗസ് ബീച്ചിൽ കുളിച്ച റഷ്യൻസ്വദേശികളായ ടാറ്റിയാന(60), ഐറീന(58), എറണാകുളം സ്വദേശി ദിലീപ് (33), രാജസ്ഥാൻ സ്വദേശികളും റിട്ട. സൈനിക ഉദ്യോഗസ്ഥനുമായ അശോക് കുമാർ (56) അദ്ദേഹത്തിന്റെ മകൾ എന്നിവരെയാണ് തിരയിൽ നിന്ന് രക്ഷപ്പെടുത്തിയത്.

ഉച്ചയ്ക്ക് ശേഷമാണ് ഇവർ തിരയിൽപ്പെട്ടത്. പെട്ടെന്നുണ്ടായ ശക്തമായ തിരയിൽപ്പെട്ട് കടലിലേക്ക്‌ ഒഴുകിപ്പോയി. നിലവിളികേട്ടാണ് ലൈഫ് ഗാർഡുകൾ എത്തിയത്.

ശനിയാഴ്ച വിദേശികളടക്കം ആറുപേർ തിരയിൽപ്പെട്ടു. ശക്തമായ തിരയിൽപ്പെട്ട വിദേശികളായ മാർക്കോ ക്ലാഡ്‌കോയുടെ തോളെല്ലിനും അലക്സാണ്ടർ ബെർഷിന്റെ നട്ടെല്ലിനും പരിക്കേറ്റിരുന്നു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സീസണായതിനാൽ ബീച്ചിൽ വൻതിരിക്കാണ്. വൈകീട്ട് ആറിനുശേഷം കടലിൽ കുളിക്കാൻ ആരെയും അനുവദിക്കുന്നില്ല.

മുന്നറിയിപ്പ് നൽകിയാലും സന്ദർശകർ അനുസരിക്കുന്നില്ലെന്നാണ് ലൈഫ് ഗാർഡുകളുടെ പരാതി. ലൈറ്റ്ഹൗസ് ബീച്ചിൽ സുരക്ഷയ്ക്കായി കയർകെട്ടി തിരിച്ചിട്ടുണ്ട്.

പി.വേണു, ആർ.സതീശൻ, പി.മുരുകൻ, പീരുമുഹമ്മദ് എന്നീ ലൈഫ് ഗാർഡുകൾക്ക് പുറമേ പ്രദേശവാസിയായ റസാക്കും കഴിഞ്ഞ ദിവസം നടന്ന രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

content Highlight: sea attack in kovalam Thiruvananthapuram