ശിവഗിരി: 86-ാമത് ശിവഗിരി തീർഥാടനത്തിന് ഗതാഗതക്രമീകരണം കാര്യക്ഷമമാക്കാനും അപകടങ്ങൾ കുറയ്ക്കാനുമായി 30 മുതൽ ജനുവരി ഒന്നുവരെ വരെ മോട്ടോർ വാഹനവകുപ്പിന്റെ ‘സേഫ് ശിവഗിരി’ പദ്ധതി നടപ്പാക്കും. തീർഥാടനത്തിന് ഗതാഗതവകുപ്പ് സ്വീകരിക്കേണ്ട നടപടികൾ വിലയിരുത്താൻ മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ ശിവഗിരിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

24 മണിക്കൂറും ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതിനായി ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ (സൗത്ത് സോൺ) ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പുവരുത്തും. തിരുവനന്തപുരം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ., ആറ്റിങ്ങൽ ആർ.ടി.ഒ. എന്നിവർ ഈ ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകും.

മുൻവർഷങ്ങളിലെപ്പോലെ കല്ലമ്പലം, ആറ്റിങ്ങൽ, പാരിപ്പള്ളി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി. സ്പെഷ്യൽ സർവീസ് നടത്തും. ഇതിനായി ശിവഗിരി മഠം ജങ്ഷനിൽ കെ.എസ്.ആർ.ടി.സി.യുടെ താത്‌കാലിക കൺട്രോളിങ് വിഭാഗം പ്രവർത്തനം തുടങ്ങാനും യോഗം തീരുമാനിച്ചു.

വി.ജോയി എം.എൽ.എ., സബ് കളക്ടർ കെ.ഇമ്പശേഖർ, റൂറൽ എസ്.പി. പി.അശോക് കുമാർ, ശിവഗിരി ശ്രീനാരായണ ധർമസംഘം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, സൗത്ത് സോൺ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ അബി ജോൺ, ആറ്റിങ്ങൽ ആർ.ടി.ഒ. എസ്.ആർ.ഷാജി, വർക്കല ഡെപ്യൂട്ടി തഹസിൽദാർ എസ്.ഷാജി തുടങ്ങിയവർ പങ്കെടുത്തു.

 

Content Highlights: Safe Sivagiri Project, Motor Vehicle Department, Sivagiri Pilgrimage