ശ്രീകാര്യം: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 20 പവന്റെ ആഭരണങ്ങൾ മോഷ്ടിച്ചു. ശ്രീകാര്യം വെഞ്ചാവോട് അജിത് െലയ്‌നിൽ ബിനു രാജിന്റെ വീട്ടിലാണ് മോഷണം നടന്നത്.

ബിനുരാജും ഭാര്യ റെജിയും ജോലിക്കുപോയിട്ട് വൈകീട്ട് തിരിച്ച് വീട്ടിൽ എത്തിയപ്പോൾ വീടിന്റെ മുൻവശത്തെ വാതിൽ തുറന്നുകിടക്കുകയായിരുന്നു. അലമാരയും മേശയും കുത്തിത്തുറന്ന നിലയിലായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷണം പോയത്. വീടിന്റെ പുറകുവശത്ത് ഉണ്ടായിരുന്ന പിക്ആക്സ് ഉപയോഗിച്ച് മുൻവശത്തെ വാതിലിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കൾ വീട്ടിനുള്ളിൽ പ്രവേശിച്ചത്.

ഡോഗ് സ്കോഡും, വിരലടയാള വിദഗ്‌ധരും പരിശോധന നടത്തി. ശ്രീകാര്യം പോലീസ് കേസെടുത്തു. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടെ നിരവധി മോഷണങ്ങളാണ് ശ്രീകാര്യം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്നത്.

കഴിഞ്ഞമാസം ശ്രീകാര്യം സ്റ്റേഷൻ സമീപത്ത് സ്ഥിതിചെയ്യുന്ന കുന്നംമഠത്തിൽ നട ദേവിക്ഷേത്രത്തിലെ ഓഫീസ് കുത്തിത്തുറന്ന് പണമടങ്ങിയ ഏഴ് കാണിക്കവഞ്ചികൾ മോഷണം പോയിരുന്നു. പട്രോളിങ്‌ ശക്തമാക്കാൻ ശ്രീകാര്യം പോലീസിന് നിർദേശം നൽകിയതായും പ്രതികളെ ഉടൻ പിടികൂടുമെന്നും കഴക്കൂട്ടം എ.സി.പി. ആർ.അനിൽകുമാർ പറഞ്ഞു

Content Highlight: Robbery in Shreekaryam