കാട്ടാക്കട: പൂവച്ചലിൽ കഴിഞ്ഞ ദിവസം ആക്രമണം നടന്ന കോൺഗ്രസിന്റെ മണ്ഡലം കമ്മിറ്റി ഓഫീസും നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. ഭരണത്തിന്റെ മറവിൽ സംസ്ഥാനത്ത് സി.പി.എമ്മിന്റെ ഗുണ്ടായിസമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തെ നടുക്കിയ സംഭവമാണ് കാസർകോട്ടെ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം. ഇതിൽ പ്രതിഷേധിച്ച കോൺഗ്രസുകാരുടെ വീടുകൾ ആക്രമിക്കുകയും മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചുതകർക്കുകയും ചെയ്ത സംഭവം നീതീകരിക്കാനാകില്ല. നിയമവാഴ്ച ഉറപ്പാക്കാൻ പോലീസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൂവച്ചലിലെ കോൺഗ്രസ് ഓഫീസ്, മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴി, ബ്ലോക്ക് സെക്രട്ടറിയും എൻ.എസ്.എസ്. കുഴയ്ക്കാട് കരയോഗം പ്രസിഡന്റുമായ എ.സുകുമാരൻ നായർ, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഷാൻ എന്നിവരുടെ വീടുകൾക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. കെ.പി.സി.സി. അംഗം അൻസജിത റസ്സൽ, ഡി.സി.സി. വൈസ് പ്രസിഡന്റ് ജലീൽ മുഹമ്മദ്, ജ്യോതിഷ് കുമാർ, ഷാജിദാസ്, കട്ടയ്ക്കോട് തങ്കച്ചൻ തുടങ്ങിയവരും പ്രതിപക്ഷനേതാവിനൊപ്പം ഉണ്ടായിരുന്നു.

Content Highlights: Ramesh Chennithala, CPIM Congress Fight Poovachal