
എല്ലാ യുദ്ധങ്ങളും തുടങ്ങുന്നതും നിലനിൽക്കുന്നതും മനുഷ്യമനസ്സിലാണ്. അത് വ്യക്തികളിലൂടെ, സമൂഹങ്ങളിലൂടെ, ലോകത്തിലേക്ക് പടരുകയാണ് ചെയ്യുന്നത്.
‘ദുഷ്ടൻ ചെയ്യുന്ന ദുഷ്‌കർമത്തിന്റെ ഫലം അനുഭവിക്കുന്നത് സാധുക്കളാണ്. രാവണൻ സീതയെ അപഹരിച്ചു. ബന്ധിക്കപ്പെട്ടത് മഹാസമുദ്രമാണ്’ എന്ന് സംസ്കൃതത്തിലൊരു സുഭാഷിതമുണ്ട്.
ഭടജനങ്ങൾക്ക് ആവേശവും ആമോദവും പകരുന്നതിന് ചീരാമകവി എഴുതിയതെന്ന് പറയപ്പെടുന്ന മലയാളത്തിലെ പ്രാചീനകൃതിയായ രാമചരിതം രാമായണത്തിലെ യുദ്ധകാണ്ഡത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. സുന്ദരകാണ്ഡംവരെ അധ്യാത്മരാമായണത്തെ പിന്തുടർന്ന എഴുത്തച്ഛൻ യുദ്ധകാണ്ഡത്തിലെത്തുമ്പോൾ വാല്‌മീകിയോടാണ് കൂടുതൽ അടുക്കുന്നത്.
എന്തിനാണ്, എന്തുകൊണ്ടാണ് എന്നതിലുപരി എങ്ങോട്ടാണ് ആരോടാണ് എങ്ങനെയൊക്കെയാണ് തുടങ്ങിയ വ്യക്തവും കൃത്യവുമായ വിവരശേഖരണം യുദ്ധതന്ത്രങ്ങൾ മെനയുന്നതിന് അനിവാര്യമാണ്. ഭൂമിശാസ്ത്രപരമായ പരിചയം, സേനാവിന്യാസം, ആയുധസജ്ജീകരണം, സുപ്രധാനമായ കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിവ്, അതിനനുസരിച്ച് ആക്രമണത്തിൽ കൈക്കൊള്ളേണ്ടുന്ന തന്ത്രങ്ങൾ എന്നിവയ്ക്കാണ് ലങ്കയുടെ വിശദാംശങ്ങൾ ശ്രീരാമൻ ഹനുമാനോട് ആരായുന്നത്. തദനുസൃതമായാണ് സുഗ്രീവനും വാനരസേനയും ദക്ഷിണസമുദ്രത്തിന്റെ തീരപ്രദേശത്ത് താവളമടിച്ചതും കടലിൽ ചിറകെട്ടുന്നതിനുള്ള തീരുമാനം കൈക്കൊണ്ടതും.
തുടർനടപടികൾ സുഗമമാക്കുന്നതിന് ശ്രീരാമൻ ശിവലിംഗപ്രതിഷ്ഠ നടത്തുന്നുണ്ട്. ആ സ്ഥലമാണ് രാമേശ്വരമെന്ന് കമ്പരാമായണം. സമുദ്രത്തിലൂടെ വഴി ലഭിക്കുന്നതിന് ദർഭവിരിച്ചിരുന്ന് മൂന്ന് ദിനരാത്രങ്ങൾ സമുദ്രദേവനായ വരുണനെ പ്രാർഥിച്ചു. ഒരു പ്രതികരണവുമില്ലാതെ വന്നപ്പോൾ കോപാകുലനായ രാമൻ ആയുധമെടുത്തു. പൊടുന്നനെ വരുണൻ പ്രത്യക്ഷപ്പെട്ട് ശ്രീരാമനെ സ്തുതിച്ച് ലങ്കയിലേക്ക് ചിറകെട്ടുന്നതിനുള്ള അനുമതി നൽകി.
വരുണന്റെ അപേക്ഷയനുസരിച്ച് വടക്കേ ദിക്കിലുള്ള നിശാചരരെ കൊന്നൊടുക്കുന്നതിന് കുലച്ച വില്ലിലെ ശരം തൊടുത്തുവിട്ടു. ബാലിവധത്തിനുശേഷമുള്ള ശ്രീരാമന്റെ ശക്തിപ്രകടനമായിരുന്നു അത്. കടൽ മുറിച്ചു കടക്കുന്നത് പാപമായി കരുതിയിരുന്ന, ഈ സംസാരസാഗരത്തിൽനിന്ന് മറുകരയണയ്ക്കുന്നതിന് നിരന്തരം പ്രാർഥിച്ചുകൊണ്ടിരുന്ന ഒരു സംസ്കൃതിയുടെ കരുത്തും കർമവീര്യവും ലക്ഷ്യോന്മുഖതയും വീണ്ടെടുക്കുന്നതിനുള്ള ജാഗരൂകമായ പരിശ്രമമായിരുന്നു ഒരർഥത്തിൽ സേതുബന്ധനം. യുദ്ധമാകട്ടെ, കുഴമറിഞ്ഞു കിടക്കുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള വിട്ടുവീഴ്ചയില്ലാത്ത പരിശ്രമവും.
Content highlights: Ramakathasagaram Ramayanamasam 2020