വെള്ളറട: ആരോഗ്യ പ്രതിരോധപ്രവർത്തനങ്ങളും ശുചിത്വ പരിപാലനവും ശുചീകരണവും കാര്യക്ഷമമായി നടപ്പാക്കിയും മാലിന്യനിർമാർജനം യഥാസമയം നടപ്പാക്കുകയും ചെയ്ത പൂഴനാട് കുടുംബാരോഗ്യകേന്ദ്രത്തിന് സംസ്ഥാന സർക്കാരിന്റെ കായകല്പം അവാർഡ് ലഭിച്ചു.

ഒറ്റശേഖരമംഗലം പഞ്ചായത്തിലെയും സമീപപഞ്ചായത്തുകളിലെയും രോഗികളുടെ ആശ്രയമായ ഈ ആശുപത്രി 1969-ലാണ് തുടങ്ങിയത്. ആദ്യം വസൂരികേന്ദ്രമായും പിന്നീട് പി.എച്ച്.സി.യായും കഴിഞ്ഞവർഷം കുടുംബാരോഗ്യകേന്ദ്രമായും ഈ ആശുപത്രി ഉയർത്തപ്പെട്ടു.

പ്രവർത്തനമികവിൽ ഈ ആശുപത്രി സമീപ കുടുംബാരോഗ്യകേന്ദ്രങ്ങളെക്കാൽ ബഹുദൂരം മുന്നിലാണ്. മുമ്പ് ഉച്ചയ്ക്ക് ഒരുമണി വരെയുണ്ടായിരുന്ന ഒ.പി. കുടുംബാരോഗ്യകേന്ദ്രമായി മാറിയതോടെ വൈകീട്ട് ആറുവരെ നീട്ടി. മൂന്ന് പി.എസ്.സി. ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും സേവനങ്ങൾ രോഗികൾക്ക് ലഭിക്കുന്നുണ്ട്. ലാബോറട്ടറിയുടെ പ്രവർത്തനം ഗുണനിലവാരമുള്ളതാക്കി മാറ്റി. ഫീൽഡ് സ്റ്റാഫുകളുടെയും ആശാ വർക്കർമാരുടെയും പ്രവർത്തനങ്ങളെ ഏകോപിച്ച് ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും സമയബന്ധിതമാക്കി നടപ്പാക്കി വരുന്നു.

ആശുപത്രി വൃത്തിയായി സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുതുക്കിയ ബയോ മെഡിക്കൽ മാനേജ്‌മെന്റിന്റെ നിയമാവലിക്ക് അനുസൃതമാണ് മാലിന്യസംസ്‌കരണം നടക്കുന്നത്. ഇതിനായി ഇമേജ് എന്ന സംഘടനയാണ് ഏല്പിച്ചിട്ടുള്ളത്. വേർതിരിച്ച് സൂക്ഷിച്ചിട്ടുള്ള അവശിഷ്ടങ്ങൾ ആഴ്ചയിലൊരിക്കൽ ഇവിടെനിന്നു മാറ്റുന്നു. കിടക്കയിൽ കഴിയുന്ന രോഗികളുടെ പരിചരണത്തിനായി മികവുറ്റ പാലിയേറ്റീവ്കെയർ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്.

2017 ജില്ലയിൽ മികച്ച പാലിയേറ്റീവ് കെയറിനുള്ള പുരസ്‌കാരവും ഇവിടുത്തെ പാലിയേറ്റീവ്കെയർ യൂണിറ്റിനാണ് ലഭിച്ചത്. രോഗികൾക്കായി ആംബുലൻസ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. ആശുപത്രി വളപ്പിൽ വയോജനങ്ങൾക്കായുള്ള മാനസിക ഉല്ലാസകേന്ദ്രം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിട്ടിട്ടുണ്ട്. ആശുപത്രിയുടെ പ്രവർത്തനം പേപ്പർലെസ് ആക്കുന്നതിന്റെ ഭാഗമായി ഇ-ഹെൽത്ത് പദ്ധതി ആദ്യമായി നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യ കുടുംബാരോഗ്യ കേന്ദ്രവുമാണിത്. ഒ.പി.യിലെത്തുന്ന രോഗികൾ ടോക്കൺ വാങ്ങി ഡോക്ടറെ കാണാം. അവിടെനിന്ന് മരുന്നുവിവരണം പേപ്പറിൽ എഴുതി വാങ്ങാതെ ഫാർമസിയിൽനിന്ന് മരുന്ന് വാങ്ങി മടങ്ങാം. രോഗിയുടെ പൂർണവിവരം ആശുപത്രിയിലെ കംപ്യൂട്ടറിൽ സൂക്ഷിക്കുന്നുണ്ട്. കായകല്പം അവാർഡിന് പിന്നാലെ കേന്ദ്ര സർക്കാരിന്റെ എൻ.ക്യൂ.എസ്. സർട്ടിഫിക്കേഷൻ(നാഷണൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കറ്റ്‌) ഈ ആശുപത്രിയെ പരിഗണന ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി അധികൃതർ പറഞ്ഞു.

അവാർഡിന് പിന്നിൽ കൂട്ടായ പ്രവർത്തനം

ജീവനക്കാരുടെയും അനുബന്ധ പ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനമാണ് ഈ ആശുപത്രിക്ക്‌ കായകല്പം അവാർഡ് ലഭ്യമാക്കിയത്. പഞ്ചായത്തിന്റെ സഹകരണവും സഹായവും ഈ ആശുപത്രിയുടെ ഉന്നമനത്തിന് സാഹായകമായി.

കെ.വി.വിനോജ്, പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ.

Content Highlight: puzhanad kudumbarogya kendra got kayakalpam award