നെയ്യാറ്റിൻകര: ജനറൽ ആശുപത്രിയിൽ സന്ദർശക പാസിന്റെ നിരക്കു വർധിപ്പിച്ചതിനെതിരേ പ്രതിഷേധം ശക്തം. ആരോപണപ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തി.

തിങ്കളാഴ്ച ആശുപത്രിക്കു മുന്നിൽ യുവമോർച്ച പ്രവർത്തകർ കെ.ആൻസലൻ എം.എൽ.എ.യുടെ കോലം കത്തിച്ചു. ബി.ജെ.പി. പ്രതിനിധി ഉൾപ്പെടുന്ന ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടേതാണ് തീരുമാനമെന്ന് എം.എൽ.എ.യും വ്യക്തമാക്കി.

എച്ച്.എം.സി. കമ്മിറ്റിയിൽ പങ്കെടുത്തെങ്കിലും നിരക്കുവർധനവ് ചർച്ച ചെയ്തില്ലെന്നാണ് ബി.ജെ.പി.യുടെ പ്രതിനിധി മഞ്ചത്തല സുരേഷ് പറയുന്നത്. കമ്മിറ്റി കഴിഞ്ഞശേഷം മിനിറ്റ്‌സിൽ നിരക്കുവർധനയുമായി ബന്ധപ്പെട്ട തീരുമാനം എഴുതിച്ചേർത്തതാണെന്നും സുരേഷ് ആരോപിച്ചു.

മൂന്നുമാസത്തിനിടെ രണ്ടുതവണയാണ് സന്ദർശക പാസിന്റെ നിരക്ക് വർധിപ്പിച്ചത്. നേരത്തേ മൂന്ന് രൂപയുണ്ടായിരുന്ന പാസ് രണ്ട് മാസം മുമ്പ് അഞ്ച് രൂപയാക്കി. ഇപ്പോഴിത് 10 രൂപയാക്കി വർധിപ്പിച്ചിരിക്കുകയാണ്. അമ്പൂരി ആദിവാസിമേഖലയിൽ നിന്നുള്ളവർവരെ ഈ ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്.

ഫീസ് വർധിപ്പിച്ചതിനെക്കുറിച്ച് കഴിഞ്ഞദിവസം മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തിങ്കളാഴ്ച യുവമോർച്ച നെയ്യാറ്റിൻകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആശുപത്രിക്കു മുന്നിൽ സമരം നടന്നത്. പ്രധാന കവാടത്തിനുമുന്നിൽ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. സമരം യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ശ്രീലാൽ, ഷിബുരാജ് കൃഷ്ണ, ആലംപൊറ്റ ശ്രീകുമാർ, രാമേശ്വരം ഹരി എന്നിവർ സംസാരിച്ചു.

പുനഃപരിശോധിക്കും

നിരക്ക് വർധിപ്പിക്കുന്ന എച്ച്.എം.സി. കമ്മിറ്റിയിൽ പങ്കെടുത്തില്ല. ആശുപത്രി ജില്ലാപ്പഞ്ചായത്തിനു കീഴിലാണ്. ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റിനോട് ഇക്കാര്യം ചർച്ച ചെയ്തു. അടുത്ത എച്ച്.എം.സി. യോഗത്തിൽ നിരക്കുവർധന പുനഃപരിശോധിക്കും.- കെ.ആൻസലൻ, എം.എൽ.എ.

Content Highlights: Trivandrum General Hospital, Protest against increasing the rate of visitor passes, Yuvamorcha Protest