കാട്ടാക്കട: കള്ളിക്കാട് പഞ്ചായത്തിലെ ആടുവള്ളി- പന്ത റോഡ് പൂർണമായും തകർന്നതോടെ യാത്ര ദുസ്സഹമായി. കള്ളിക്കാട്-വാഴിച്ചൽ പ്രധാന റോഡിൽ നിന്ന്‌ പന്ത ഉൾപ്പെടുന്ന മലയോരപ്രദേശത്തേക്കുള്ള പൊതുമരാമത്ത് റോഡാണ് കുണ്ടും കുഴിയുമായി ഗതാഗതയോഗ്യമല്ലാതായത്.

14 വർഷത്തോളമായി അറ്റകുറ്റപ്പണിപോലും നടക്കാത്ത റോഡാണിത്. കാളിപാറ ജലശുദ്ധീകരണ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡ് അപ്പോൾ താത്‌കാലികമായി കുഴിയടച്ചെങ്കിലും അടുത്ത മഴയോടെ പൊളിഞ്ഞു. ഇപ്പോൾ റോഡിൽ വലിയ കുഴികൾ മാത്രമാണ്.

റോഡ് വെട്ടിക്കുഴിച്ചതോടെ ഓടകളും, കലുങ്കുകളുമെല്ലാം പൂർണമായും അടഞ്ഞു. ഇതോടെ മഴക്കാലത്ത് വെള്ളം റോഡിലൂടെ കുത്തിയൊലിച്ച് റോഡിന്റെ വശങ്ങളും തകർന്നു. റോഡ് പൊളിഞ്ഞതോടെ പ്രദേശത്തേക്ക് ഒരു ഓട്ടോറിക്ഷ സവാരി വിളിച്ചാൽപ്പോലും വരില്ല. കെ.എസ്.ആർ.ടി.സി. സർവീസ് എപ്പോൾ വേണമെങ്കിലും നിർത്തിയേക്കാം.

പന്ത വഴി അമ്പൂരി, ചെമ്പകപ്പാറ, തമിഴ്നാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകാനാകുന്ന പ്രധാന റോഡുകളിൽ ഒന്നാണിത്. ആയിരത്തിലേറെ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമായതിനാൽ റോഡിന്റെ ദയനീയസ്ഥിതി നാട്ടുകാരെ വലയ്ക്കുകയാണ്. പാറശ്ശാല നിയമസഭാ മണ്ഡലത്തിലെ തന്നെ അമ്പൂരി മുതൽ നിരപ്പൂക്കാല വരെയുള്ള റോഡ് ആധുനികനിലവാരത്തിൽ അടുത്തിടെ നവീകരിച്ചു. മൂന്നരക്കിലോമീറ്റർ വരുന്ന പന്ത മുതൽ ആടുവള്ളി വരെ ബി.എം.-ബി.സി. നിലവാരത്തിൽ റോഡ് നവീകരിക്കുമെന്ന പ്രഖ്യാപനം വന്നിട്ടും രണ്ടു വർഷമാകുന്നു.

റോഡുനവീകരണം ഉടൻ നടത്തും

റോഡുപണിക്കായി മൂന്നുകോടി രൂപ അനുവദിച്ചിട്ടുണ്ട്. രണ്ടുതവണ കരാർ ക്ഷണിച്ചെങ്കിലും ആരും എടുക്കാത്തതിനാലാണ് നവീകരണം നീളുന്നത്. ഇപ്പോൾ വീണ്ടും കരാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

- സി.കെ.ഹരീന്ദ്രൻ എം.എൽ.എ.

Content Highlights: Potholes in Roads, Aaduvalli Pantha Road, Traffic Issues in Kerala Village Roads