പൂവാർ: നെയ്യാറിലെ വെള്ളം കയറിയ പൂവാർ പ്രദേശത്തെ ജനങ്ങൾക്ക് കുടിവെള്ളം നൽകാനുള്ള നടപടി തുടങ്ങി. പഞ്ചായത്തിലെ കഞ്ചാംപഴിഞ്ഞി, തെറ്റിക്കാട് ബണ്ട് പ്രദേശങ്ങളിലെ ജനങ്ങൾക്ക് ശുദ്ധജലം ഉറപ്പാക്കാനുള്ള നടപടിയാണ് പൂവാർ പഞ്ചായത്ത് തുടങ്ങിയത്.
പ്രദേശത്തെ മാലിന്യമടിഞ്ഞ കിണറുകൾ മുഴുവൻ വൃത്തിയാക്കിത്തുടങ്ങി. നെയ്യാറിൽനിന്നു വെള്ളം കയറിയതിനെ തുടർന്ന് ഇവിടത്തെ കിണറുകൾ മുഴുവൻ വെള്ളത്തിനടിയിലായിരുന്നു. വെള്ളത്തോടൊപ്പം കിണറുകളിൽ ചെളിയും മാലിന്യവും അടിഞ്ഞു. അതിനാൽ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വീടുകളിൽ മടങ്ങിപ്പോയവർക്ക് ശുദ്ധജലം ലഭിക്കാത്ത സ്ഥിതിയുണ്ടായി.
ഇതെത്തുടർന്നാണ് പഞ്ചായത്ത് അധികൃതർ കിണറുകൾ വൃത്തിയാക്കാൻ മുന്നിട്ടിറങ്ങിയത്. കഴിഞ്ഞ രണ്ടു ദിവസമായി ഇരുപതിലധികം കിണറുകൾ പഞ്ചായത്തിന്റെയും നാട്ടുകാരുടേയും നേതൃത്വത്തിൽ വൃത്തിയാക്കി. പ്രദേശത്തെ മുഴുവൻ കിണറുകളും വൃത്തിയാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
കിണറുകളിൽ രണ്ടടിയിലധികമാണ് ചെളിയും മാലിന്യവും നിറഞ്ഞിരുന്നത്. ഇവയെല്ലാം മാറ്റി കിണറുകളിൽ ക്ലോറിനേഷനും നടത്തി. പഞ്ചായത്തിലെ തെറ്റിക്കാട് ബണ്ട് പ്രദേശത്തെ എൺപതിലധികം വീടുകളിലാണ് നെയ്യാറിലെ വെള്ളം കയറിയത്. ഇതിൽ 60 കുടുംബങ്ങൾക്കാണ് മാറി താമസിക്കേണ്ടിവന്നത്. ഇവരുടെ വീടുകളിൽ മുഴുവനും വെള്ളം കയറിയിരുന്നു. ഇതോടൊപ്പമാണ് ഇവിടെ ജനങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്ന കിണറുകളിൽ ചെളിയും മാലിന്യവും നിറഞ്ഞത്. പൂവാർ പഞ്ചായത്തംഗം സുമേഷിന്റെ നേതൃത്വത്തിലാണ് പ്രദേശത്തെ കിണറുകൾ വൃത്തിയാക്കുന്നത്.