പൂവാർ: നിർമാണം പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞിട്ടും കുമിളി ശുദ്ധജലവിതരണ പദ്ധതിയുടെ പുതിയ പ്ലാന്റ് ഉദ്ഘാടനം ചെയ്യുന്നില്ല. പ്ലാന്റിന് വൈദ്യുതി കണക്‌ഷൻ കിട്ടാത്തതാണ് പ്രശ്നം. നേരത്തേ വൈദ്യുതി ഉപയോഗിച്ച ഇനത്തിൽ വാട്ടർ അതോറിറ്റി വരുത്തിയ കുടിശ്ശിക നൽകാത്തതിനാലാണ് കെ.എസ്.ഇ.ബി. പുതിയ പ്ലാന്റിന് കണക്‌ഷൻ നൽകാത്തത്.

പദ്ധതിനടപ്പാക്കാൻ ഒരു വർഷത്തോളമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. ഇപ്പോൾ നാലു പഞ്ചായത്തുകളിലുള്ളവർ ശുദ്ധജലത്തിനു വേണ്ടി കഷ്ടപ്പെടുകയാണിവിടെ. 16 കോടിയിലധികം രൂപ ചെലവിട്ടാണ് കുമിളിയിലെ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റും നെല്ലിക്കാക്കുഴി, എട്ടുക്കുറ്റി എന്നിവിടങ്ങളിലെ വാട്ടർ ടാങ്കുകളും നിർമിച്ചത്. ഇവയെല്ലാം നിർമാണം പൂർത്തിയാക്കിയിട്ട് ഒരു വർഷത്തിലേറെയായി. ഇതിൽ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിനു മാത്രമാണ് വൈദ്യുതി ലഭിച്ചത്. എന്നാൽ, പമ്പുകൾ പ്രവർത്തിപ്പിക്കാൻ വൈദ്യുതി കിട്ടിയിട്ടില്ല. ഇതിനായി വാട്ടർ അതോറിറ്റിയുടെ എം.ഡി.യും ചീഫ് സെക്രട്ടറിയുമെല്ലാം പങ്കെടുത്ത യോഗത്തിൽ ഈ വിഷയം ഉന്നയിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല.

ജല അതോറിറ്റി വൈദ്യുതി ഉപയോഗിച്ചയിനത്തിൽ ഒരു കോടി രൂപയോളം കുടിശ്ശികയുണ്ടെന്നാണ് കെ.എസ്.ഇ.ബി.യുടെ വാദം. ഇതു നൽകാതെ കണക്‌ഷൻ നൽകാനാവില്ലെന്ന നിലപാടിലാണ് കെ.എസ്.ഇ.ബി. ഇതാണ് പദ്ധതിയുടെ ഉദ്ഘാടനം വൈകാനുള്ള പ്രധാന കാരണം.

പദ്ധതി പ്രവർത്തനം തുടങ്ങിയാൽ തിരുപുറം, കാഞ്ഞിരംകുളം, പൂവാർ, കരുംകുളം, അതിയന്നൂർ എന്നീ പഞ്ചായത്തുകളിലാണ് ജലക്ഷാമം പരിഹരിക്കുന്നത്. അതിനാൽ കുമിളി ശുദ്ധജലവിതരണ പദ്ധതി എത്രയും വേഗത്തിൽ പ്രവർത്തനം തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പദ്ധതി പ്രവർത്തനത്തിനു വൈദ്യുതി ലഭ്യമാക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായി വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ ബി.പി.ലാൽ പറഞ്ഞു.