തിരുവനന്തപുരം : തുമ്പ വി.എസ്.എസ്.സി.യിൽ നിർമിക്കുന്ന ട്രൈസോണിക് വിൻഡ് ടണലിനായി എത്തിച്ച കൂറ്റൻയന്ത്രങ്ങൾ വഴിയിൽ തടഞ്ഞിട്ട സംഭവത്തിൽ 50 പേർക്കെതിരേ കേസെടുത്തു. സർക്കാരിന്റെ ഔദ്യോഗിക വാഹനം തടഞ്ഞു, ലോക്ഡൗൺ പാലിക്കാതെ ഒത്തുചേർന്നു, നിയമലംഘനം നടത്തി കൂട്ടംകൂടി തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കണ്ടാലറിയാവുന്ന 50 പേർക്കെതിരേ തുമ്പ പോലീസ് കേസെടുത്തിരിക്കുന്നത്.

10 ലക്ഷം രൂപ നൽകിയാൽ മാത്രമേ യന്ത്രങ്ങൾ എത്തിച്ച വാഹനങ്ങളെ വി.എസ്.എസ്.സി.യിലേക്ക്‌ കടത്തിവിടുകയുള്ളൂവെന്നായിരുന്നു സമരക്കാരുടെ നിലപാട്. ഇക്കാര്യമാവശ്യപ്പെട്ട് ഞായറാഴ്ച രാവിലെ കൊച്ചുവേളിയിൽ മണിക്കൂറുകളോളം ജനക്കൂട്ടം വാഹനങ്ങൾ തടഞ്ഞിടുകയായിരുന്നു. സ്ത്രീകളുൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയതോടെ സംഘർഷാവസ്ഥയുമുണ്ടായിരുന്നു.

പൂർണമായും ക്രെയിനുപയോഗിച്ച് മാത്രം ഇറക്കാവുന്ന യന്ത്രങ്ങൾ ഇറക്കുന്നതിന് നോക്കുകൂലി വേണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

പിന്നീട് തുമ്പ പോലീസും ലേബർ ഓഫീസുകളും നാട്ടുകാരും യന്ത്രങ്ങൾ എത്തിച്ച കരാർ കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം അവസാനിച്ചത്. ഉച്ചയോടെ അധികൃതർ നിശ്ചയിച്ച പാതയിലൂടെ തന്നെ യന്ത്രങ്ങൾ വി.എസ്.എസ്.സി. പരിസരത്ത് എത്തിക്കുകയായിരുന്നു.

സ്‌പെയ്സ് ക്രാഫ്റ്റുകളും റോക്കറ്റുകളും അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന പ്രതിഫലനങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഉപകരണമാണ് ട്രൈസോണിക് വിൻഡ് ടണൽ. യന്ത്രഭാഗങ്ങൾ പുണെയിലാണ് നിർമിച്ചത്. പുണെയിൽനിന്ന് റോഡ് മാർഗം മുംബൈയിലും തുടർന്ന് കടൽമാർഗം കൊല്ലം തുറമുഖത്തും എത്തിച്ചു. കൊല്ലത്ത് നിന്ന് രണ്ടാഴ്ചകൊണ്ടാണ് റോഡ് മാർഗം വാഹനം തുമ്പയിലെത്തിച്ചത്.

Content Highlights: Police filed case on 50 people who tried to stop isro cargo