തിരുവനന്തപുരം : പത്തുവർഷത്തെ സേവനം പൂർത്തിയാക്കി അവർ ആറുപേരും വിരമിക്കുകയാണ്. ഇവർക്ക് പകരമായെത്താൻ ആറ്‌് ‘കുട്ടികൾ’ റാഞ്ചിയിൽ കഠിനപരിശീലനത്തിലാണ്. തിരുവനന്തപുരം വിമാനത്താവളത്തിലെ സുരക്ഷാസേനയായ സി.ഐ.എസ്.എഫിന്റെ ശ്വാനസേനയിലെ ആറ് നായകളാണ് വിരമിക്കുന്നത്.

ലാബ്രഡോർ വിഭാഗത്തിലുള്ള അഞ്ചും കോക്കർ സ്പാനിയൽ ഇനത്തിലുള്ള ഒരെണ്ണവുമാണ് വിരമിക്കുന്ന നായകൾ. ഇവയിൽ നിക്കിയെന്ന പെൺനായ ഭാരം കുറഞ്ഞ കോക്കർ സ്പാനിയൽ ഇനത്തിലുള്ളതാണ്. റോണി, ശ്യാം, താസ്, ജോണി എന്നീ ആൺനായകളും ഡെനി എന്ന പെൺ നായയുമാണ് ലാബ്രഡോർ ഇനത്തിലുള്ളത്. ഡിസംബർ അവസാനത്തോടെ വിരമിക്കുന്ന ആറുപേരും സേനവിട്ട് വിശ്രമത്തിലേക്ക് പോകും.

ലാബ്രഡോർ വിഭാഗത്തിലുള്ള റോക്കി, കൂപ്പർ, ഡ്യൂക്ക്, റൈഡർ, റെമോ എന്നീ അഞ്ച് ആണും ഗോൾഡൻ റിട്രീവർ ഇനത്തിലുള്ള ഐവിയെന്ന പെണ്ണുമടക്കം ആറുമാസം പ്രായമുള്ള ആറ്് നായകളാണ് വിരമിക്കുന്നവയ്ക്ക് പകരമെത്തുന്നത്. വിമാനത്തിലും വിമാനത്താവളത്തിലും യാത്രക്കാരുടെ ബാഗേജുകളിലും സ്ഫോടകവസ്തുക്കൾ ഉണ്ടോയെന്ന് കണ്ടെത്തുകയാണ് ഡോഗ് സ്ക്വാഡിന്റെ ജോലി. ഇതിനുള്ള പരിശീലനമാണ് സി.ഐ.എസ്.എഫിന്റെ റാഞ്ചിയിലുള്ള ശ്വാനപരിശീലനകേന്ദ്രത്തിൽ നടക്കുന്നത്.

ഏഴുമാസമാണ് നായകളുടെ പരിശീലനകാലം. ഇവയ്‌ക്കൊപ്പം സി.ഐ.എസ്.എഫിന്റെ ഒൻപത് പരിചാരകരുമുണ്ട്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നിയമപ്രകാരമാണ് ഇവയുടെ സേവനമെന്ന് സി.ഐ.എസ്.എഫ്. കമാൻഡന്റ് സുധീർ കുമാർ പറഞ്ഞു.

നാലുമണിക്കൂറാണ് ശ്വാനസേയുടെ ഒരു ഗ്രൂപ്പിനുള്ള ഡ്യൂട്ടി സമയം. തീവ്രശേഷിയുള്ള ആർ.ഡി.എക്സ്, ജെലാറ്റിൻ, വെടിമരുന്ന് തുടങ്ങിയവ മണം പിടിച്ച് കണ്ടെത്താനുള്ള പരിശീലനമാണ് നായകൾക്ക് നൽകുക. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് പരിശീലനം. ശീതികരിച്ച കൂട്ടിലാണ് പാർപ്പിക്കുക. പത്തുവർഷമാണ് സി.ഐ.എസ്.എഫിലെ നായകളുടെ സർവീസ് കാലം. അതുകഴിഞ്ഞ് ബാരക്കിൽത്തന്നെയാകും ഇവയുടെ വിശ്രമകാലവും.