തിരുവനന്തപുരം : കരമന പാലത്തിന് സമീപം മീൻ വിൽക്കുകയായിരുന്ന മരിയ പുഷ്പത്തിന്റെ മീനും പാത്രവും പോലീസും തട്ടിത്തെറിപ്പിച്ചെന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ തങ്ങൾക്ക് വീഴ്ചയില്ലെന്ന അന്വേഷണ റിപ്പോർട്ടുമായി പോലീസ്.

മീൻ പാത്രം തങ്ങൾ തട്ടിത്തെറിപ്പിക്കുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽ ഇല്ലെന്നും പരാതിക്കാരിയാണ് മീൻ തട്ടിയിട്ടതെന്നുമാണ് പോലീസ് പറയുന്നത്. പോലീസ് ജീപ്പ് പാലത്തിൽ നിർത്തുന്നതും നിമിഷങ്ങൾക്കകം അവിടെ നിന്നും പോകുന്നതിന്റെയും ദൃശ്യങ്ങളുണ്ടെന്നാണ് പോലീസ് പറയുന്നത്. അതേ സമയം, മരിയ പുഷ്പം മീൻ തട്ടിത്തെറിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടോയെന്ന് പോലീസ് വ്യക്തമാക്കുന്നില്ല. മരിയ പുഷ്പത്തിനെതിരേ കേസ് എടുത്തിട്ടില്ലെന്നും കരമന പോലീസ് പറഞ്ഞു.

ബുധനാഴ്ചയാണ് മരിയ പുഷ്പത്തിന്റെ മീനും പാത്രവും കരമന പോലീസ് തട്ടിത്തെറിപ്പിച്ചായി ആരോപണം ഉയർന്നത്.

സംഭവത്തിൽ പോലീസിനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തി. പ്രസിഡന്റ് ജാക്‌സൺ പൊള്ളയിൽ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സെക്രട്ടറി ആന്റോ ഏലിയാസ് അധ്യക്ഷനായി. കേരള കോൺഗ്രസ്(സെക്യുലർ) സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ മരിയ പുഷ്പവും പങ്കെടുത്തു.

പോലീസ് റിപ്പോർട്ടിൽ പറയുന്നത്

പാലത്തിൽ നിന്നു മാറിയിരുന്ന് കച്ചവടം നടത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടതിന്റെ ദേഷ്യത്തിൽ അവർ മീൻ തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്നാണ്‌ ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എസ്.ഷാജി സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. മീൻ തട്ടിത്തെറിപ്പിക്കുന്നത് കണ്ടുനിന്നുവെന്ന് പറയുന്ന മൂന്നുപേരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ജീപ്പിൽ ഇരുന്നുകൊണ്ട് പോലീസുകാർ തട്ടിത്തെറിപ്പിക്കുകയാണെങ്കിൽ മീൻപാത്രം പിന്നിലേക്കൊ വശങ്ങളിലേക്കോ ആണ് മറിയുക. എന്നാൽ പാത്രം മുന്നിലേക്ക് മറിഞ്ഞ നിലയിലാണ് ദൃശ്യങ്ങളിലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.

പരാതിയിൽ ഉറച്ച് മരിയ പുഷ്പം

മീനും പാത്രവും തട്ടിത്തെറിപ്പിച്ചത് പോലീസ് തന്നെയാണെന്ന് ആവർത്തിച്ച് പരാതിക്കാരി മരിയ പുഷ്പം. പാലത്തിലെ കച്ചവടം അവസാനിപ്പിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടപ്പോൾ അടുത്തദിവസം മുതൽ മാറാമെന്ന് അറിയിച്ചതാണ്. എന്നിട്ടും പോലീസുകാർ മീൻ പാത്രം തട്ടിത്തെറിപ്പിച്ചുവെന്നും സംഭവത്തിന് ദൃക്‌സാക്ഷികളുണ്ടെന്നും മരിയ പുഷ്പം പറഞ്ഞു.

മന്ത്രി റിപ്പോർട്ട് തേടി

കരമനയിൽ മീൻ തട്ടിത്തെറിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ലേബർ ഓഫീസറോട് മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടു. അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.