നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയിൽ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനുമായി രൂപവത്കരിച്ച ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾക്ക് നഗരസഭാതലത്തിൽ തുടക്കമായി. പ്ലാസ്റ്റിക് മാലിന്യങ്ങൾ വീടുകളിൽനിന്നും ശേഖരിച്ച് സംസ്‌കരണകേന്ദ്രത്തിലെത്തിക്കും. സംസ്‌കരണകേന്ദ്രം ആറാലുംമൂട്ടിലെ കാളച്ചന്തയിലാണ്.

നഗരസഭ, ശുചിത്വമിഷൻ, കുടുംബശ്രീ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സേനയുടെ പ്രവർത്തനം. പരിശീലനം നൽകി.

44 വാർഡുകളിൽ രണ്ട്‌ കുടുംബശ്രീ പ്രവർത്തകരെ വീതമാണ് നിയോഗിച്ചിരിക്കുന്നത്.

പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണവും നടത്തും.

യന്ത്രത്തിന്റെ സഹായത്തോടെ പ്ലാസ്റ്റിക് പൊടിച്ച് ശുചിത്വ മിഷനു കൈമാറും. കാളച്ചന്തയിൽ അഞ്ചു ലക്ഷം രൂപ മുടക്കി സംസ്‌കരണകേന്ദ്രം നിർമിക്കും.

പത്തു ലക്ഷം മുടക്കി പ്ലാസ്റ്റിക് പൊടിക്കുന്നതിനുള്ള യന്ത്രം സ്ഥാപിക്കും. പ്രതിദിനം ഒരു ടൺ പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാൻ കഴിയുന്ന യന്ത്രമാണ് സ്ഥാപിക്കുന്നത്.

ഹരിതകർമസേനയുടെ പ്രവർത്തനോദ്ഘാടനം സ്വദേശാഭിമാനി ടൗൺ ഹാളിൽ നടന്നു. നഗരസഭാധ്യക്ഷ ഡബ്ല്യു.ആർ.ഹീബ ഉദ്ഘാടനം ചെയ്തു.

സേനാംഗങ്ങൾക്കുള്ള യൂണിഫോം തിരിച്ചറിയൽ കാർഡ് എന്നിവയുടെ വിതരണവും നടന്നു.

വൈസ് ചെയർമാൻ കെ.കെ.ഷിബു. അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ ജി.സുകുമാരി, എൻ.കെ.അനിതകുമാരി, കെ.പി.ശ്രീകണ്ഠൻനായർ, ടി.എസ്.സുനിൽകുമാർ, എം.അലി ഫാത്തിമ, കൗൺസിലർ എ.ലളിത നഗരസഭാ സെക്രട്ടറി എസ്.എസ്.സജി, എസ്.രാജം, പി.കെ.ശശികുമാർ എന്നിവർ സംസാരിച്ചു.

നഗരസഭാ ബജറ്റ് ഇന്ന്

നഗരസഭയുടെ ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കും. രാവിലെ 10.30-ന് നഗരസഭാ വൈസ് ചെയർമാൻ കെ.കെ.ഷിബുവാണ് ബജറ്റ് അവതരിപ്പിക്കുന്നത്. പെരുമ്പഴുതൂർ കോട്ടൂർ കോളനിയിൽ ഗ്യാസ് ക്രിമറ്റോറിയം, ഷീടാക്‌സി, ആറാലുംമൂട് ചന്തയിൽ അത്യാധുനിക ഓഡിറ്റോറിയം, ഓലത്താന്നി ചന്തയിൽ വാണിജ്യ സമുച്ചയം, പെരുമ്പഴുതൂർ കവലയുടെ വികസനം തുടങ്ങി വിവിധ പദ്ധതികൾ ബജറ്റിലിടം നേടും.