തിരുവനന്തപുരം: ദുരന്തങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ കൂടി ഒഴിവാക്കുന്നതിനുള്ള പുനർനിർമാണത്തിനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണവകുപ്പിന്റെ ലോക മണ്ണ് ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയത്തിനൊപ്പം 260-ൽ ഏറെ സ്ഥലങ്ങളിൽ ആയിരത്തിലേറെ ഉരുൾപൊട്ടലുകളാണ് ഉണ്ടായത്. മേൽമണ്ണാണ് നഷ്ടമായത്. നഷ്ടം സാധാരണഗതിയിൽ കണക്കാക്കുന്നില്ല. ഒരിഞ്ച് മേൽമണ്ണ് രൂപം കൊള്ളാൻ ആയിരത്തിലധികം വർഷം വേണം. ഇപ്പോഴുണ്ടായ ദുരന്തം എത്ര തലമുറയെ ബാധിക്കുമെന്ന് നാം കണക്കിലെടുക്കണം.

ലക്ഷക്കണക്കിന് ഹെക്ടർ ഭൂമി നഷ്ടമായി. മണ്ണിന്റെ ഫലഭൂയിഷ്ഠത ഇല്ലാതായി. മണ്ണിനുണ്ടായ വ്യതിയാനങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനങ്ങൾ നടക്കുകയാണ്. ആരോഗ്യത്തിനും അതിജീവനത്തിനും മണ്ണു സംരക്ഷണം ഒഴിവാക്കാനാവാത്തതാണ്. ഈ പാഠമാണ് ഉരുൾപൊട്ടലും പ്രകൃതിനാശവും നമ്മെ ഓർമിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്ലാവിൻ തൈയ്ക്ക് വെള്ളം തളിച്ചുകൊണ്ടാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. മന്ത്രി വി.എസ്.സുനിൽകുമാർ അധ്യക്ഷനായി.

കെ.മുരളീധരൻ എം.എൽ.എ. മണ്ണ് സംരക്ഷണ പ്രതിജ്ഞ ചൊല്ലി. ജെയിംസ് മാത്യു എം.എൽ.എ., ഹരിതകേരളം മിഷൻ ഉപാധ്യക്ഷ ടി.എൻ.സീമ, ശുചിത്വമിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. അജയകുമാർ വർമ്മ, കാർഷികോത്പാദന കമ്മിഷണർ ഡി.കെ.സിങ്, കേരള ലാൻഡ് ഡെവലപ്‌മെന്റ്‌ കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ പി.എസ്.രാജീവ്, മണ്ണ്പര്യവേഷണ മണ്ണ് സംരക്ഷണവകുപ്പ് ഡയറക്ടർ ജെ.ജസ്റ്റിൻ മോഹൻ എന്നിവർ സംസാരിച്ചു.

‘പ്രളയാനന്തരം മണ്ണിലെ മാറ്റങ്ങളും പരിപാലനമുറകളും’ എന്ന വിഷയത്തിൽ ഡോ. സാം.ടി കുറുന്തോട്ടിക്കലും, ‘കാലാവസ്ഥാ വ്യതിയാനത്തിൽ മണ്ണ് പരിപാലനത്തിന്റെ പ്രസക്തി’ എന്നതിൽ ഡോ. മാലിനി നിലാമുദ്ദീൻ എന്നിവരും പ്രഭാഷണം നടത്തി. സ്കൂൾ വിദ്യാർഥികൾക്കായി പ്രശ്‌നോത്തരിയും സംഘടിപ്പിച്ചു.

Content Highlight: Pinarayi vijayan speech in disaster management at Thiruvananthapuram