പേയാട്: കരമനയാറിലെ കോവിൽക്കടവിൽ നാട്ടുകാരുടെ കടത്ത് തകർന്ന തോണിയിൽ. വിളപ്പിൽ പഞ്ചായത്തിൽ പിറയിൽ കോവിൽക്കടവിനെ കുലശേഖരവുമായി ബന്ധിപ്പിക്കുന്നതിനാണ് വള്ളത്തിലുള്ള കടത്ത്.

കഴിഞ്ഞ സർക്കാർ കോവിൽക്കടവിൽ പാലം നിർമാണം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് നടപ്പായിട്ടില്ല. ഇതിനായി ഇരു കരയിലും ഭൂമി ഏറ്റെടുത്തെങ്കിലും തുടർനടപടിയുണ്ടായില്ല. നാട്ടുകാരനായ രാജൻ ഏഴുവർഷം മുൻപ് സ്വന്തംനിലയ്ക്ക് വള്ളം വാങ്ങിയാണ് നാട്ടുകാരെ കടവ് കടത്തുന്നത്.

ദിവസേന രാവിലെ ആറു മുതൽ വൈകീട്ട് ഏഴുവരെയാണ് കടത്ത്. വിളപ്പിൽ പഞ്ചായത്ത് പ്രതിമാസം രാജന് 9000-രൂപ വേതനമായി നൽകുന്നുണ്ട്. എന്നാലിതിന് തോണിയുടെ അറ്റകുറ്റപ്പണികൂടി നടത്താൻ കഴിയുന്നില്ലെന്ന് രാജൻ പറയുന്നു.

തോണിയുടെ സുരക്ഷ പഞ്ചായത്ത് അന്വേഷിക്കാറുമില്ല. അതിനാലിവിടത്തെ തോണിയാത്ര നാട്ടുകാർക്ക് അപകടകരമാകുന്നു. അടിയൊഴുക്കുനിറഞ്ഞ പുഴയിൽ അപകടങ്ങളുമുണ്ടായിട്ടുണ്ട്.

ഇറിഗേഷൻ വകുപ്പ് ഒരോ വർഷവും കടത്തുവള്ളത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്. കരിപ്പട്ടിയും സിമന്റും ചേർന്ന മിശ്രിതം ഉപയോഗിച്ചാണ് വള്ളത്തിന്റെ സുഷിരങ്ങൾ അടയ്ക്കുന്നതെന്ന് രാജൻ പറയുന്നു. പൊട്ടിപ്പൊളിഞ്ഞതും ചിതലരിച്ചതുമായ വള്ളത്തിന്റെ വശങ്ങൾ തകർന്ന നിലയിലാണ്. ഇത് കയറുകൊണ്ട് കെട്ടിെവച്ചിട്ടുണ്ട്. ദുരന്തഭീതിയിൽ പുതിയ വള്ളത്തിനായി പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഇതുവരെ മറുപടിയില്ലെന്ന് രാജൻ പറഞ്ഞു.

Content Highlight: Peyadu kovill kadav Local news